നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം ഇന്ന്

single-img
26 April 2021

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നടപ്പാക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം ഇന്നു ചേരും. രാവിലെ പതിനൊന്നിന് ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക. സമ്പൂര്‍ണ ലോക്ക്ഡൗണിന് സാധ്യതയില്ലെങ്കിലും നിയന്ത്രണങ്ങള്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനമുണ്ടാകും.
പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മുപ്പതിനായിരത്തോട് അടുക്കുന്ന പശ്ചാത്തലത്തിലാണ് സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്നത്. ലോക്ഡൗണിന് സമാനമായ കടുത്ത നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്ന വിലയിരുത്തലാണ് ആരോഗ്യവകുപ്പിനുള്ളത്. അടുത്ത ഞായറാഴ്ച നടക്കുന്ന വോട്ടെണ്ണലാണ് സംസ്ഥാനം നേരിടുന്ന വലിയ പ്രതിസന്ധി. ആഹ്ലാദ പ്രകടനങ്ങള്‍ക്കും ആള്‍ക്കൂട്ടങ്ങള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍വകക്ഷി യോഗം തീരുമാനിച്ചേക്കും. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ആഹ്ലാദ പ്രകടനങ്ങള്‍ പരിമിതപ്പെടുത്തണമെന്ന കാര്യത്തില്‍ ഒരേ അഭിപ്രായക്കാരാണ്.

രണ്ടുദിവസം നീണ്ടു നില്‍ക്കുന്ന വാരാന്ത്യ നിയന്ത്രണങ്ങള്‍ അടുത്ത ആഴ്ചകളിലും തുടരണമെന്ന നിര്‍ദേശവും ഉയര്‍ന്നേക്കും.അതേസമയം, സമ്പൂര്‍ണ ലോക്ക്ഡൗണിനോട് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വിയോജിപ്പുണ്ട്. ആദ്യ കൊവിഡ് കാലത്തിനു ശേഷം തിരിച്ചുവരവിന്റെ പാതയിലുള്ള വ്യാപര, വ്യവസായ മേഖലകള്‍ കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നതാണ് പ്രധാന കാരണം. ഏഴരക്ക് കടകള്‍ അടക്കണമെന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യാപാര മേഖലയ്ക്ക് അമര്‍ഷമുണ്ട്. മോട്ടോര്‍വാഹന തൊഴിലാളികളും ദിവസ വേതന ജോലിക്കാരും പ്രതിസന്ധിയിലായി.