രക്തദാനത്തിനുവേണ്ടി പ്രത്യേക ഇടപെടല്‍ വേണമെന്ന് മുഖ്യമന്ത്രി

single-img
26 April 2021

18-45 പ്രായ പരിധിയിലുള്ളവര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിനു മുമ്പ് രക്തദാനത്തിന് തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ ഒരു മാസത്തേക്ക് രക്തം കൊടുക്കാന്‍ പാടില്ലെന്ന വിദഗ്ധ അഭിപ്രായം പരിഗണിച്ചാണ് വാക്‌സിനേഷന് മുമ്പേ രക്തം ദാനം ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നത്. രക്തദാനത്തിനുവേണ്ടി പ്രത്യേക ഇടപെടല്‍ നടത്താന്‍ യുവജന – സന്നദ്ധ സംഘടനകളും ഈ ഘട്ടത്തില്‍ തയ്യാറാകണം. രക്ത ബാങ്കുകളില്‍ രക്തത്തിന് ക്ഷാമം നേരിടാനിടയുണ്ടെന്ന് പ്രതിപക്ഷനേതാവ് സര്‍വകക്ഷിയോഗത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ രക്തദാനത്തിന് ആളുകള്‍ പൊതുവെ തയ്യാറാകുന്നില്ല എന്നതാണ് പ്രശ്‌നം.

ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ ഫലം വൈകുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ആളുകളെ കൂട്ടത്തോടെ പരിശോധനക്ക് വിധേയമാക്കിയതുകൊണ്ടാണ് ഫലം ലഭിക്കുന്നതില്‍ താമസം നേരിട്ടത്. ആ പ്രശ്‌നം പരിഹരിക്കും. ഇഎസ്‌ഐ ആശുപത്രികളെകൂടി കോവിഡ് ചികിത്സയുടെ ഭാഗമാക്കണമെന്ന നിര്‍ദ്ദേശം ആരോഗ്യവകുപ്പ് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.