18 നും 45 നും വയസുവരെയുള്ളവർക്ക് വാക്സിനെടുക്കാൻ സ്വകാര്യ കേന്ദ്രങ്ങൾ മാത്രം; വിവാദമായപ്പോൾ ട്വീറ്റ് മുക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

single-img
25 April 2021
Vaccination for aged 18-45  private centres

ദില്ലി: രാജ്യത്ത് 18-നും 45-നുമിടയിൽ പ്രായമുള്ളവർക്ക് സ്വകാര്യകേന്ദ്രങ്ങൾ വഴി മാത്രമായിരിക്കും വാക്സിനേഷനെന്ന പ്രഖ്യാപനവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രഖ്യാപനം വിവാദമായപ്പോൾ ത്തെ 18-നും 45-നും ഇടയിൽ പ്രായമുള്ളവരുടെ വാക്സിനേഷനുള്ള നടപടികൾ വിവരിക്കുന്ന ട്വീറ്റ് മുക്കി. വാക്സിൻ സ്വീകരിക്കാനായി കോവിൻ (https://www.cowin.gov.in/home) ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് വഴി ജനങ്ങൾക്ക് രജിസ്റ്റർ ചെയ്യുന്നതടക്കമുള്ള നിർദ്ദേശങ്ങൾ വിവരിക്കുന്ന പോസ്റ്റർ ഉള്ള ട്വീറ്റാണ് നീക്കം ചെയ്തത്.

എന്നാൽ പ്രസ്തുത പോസ്റ്റർ ഉള്ള ഫെയ്സ്ബുക്ക് പോസ്റ്റ് ഇപ്പോഴും നീക്കം ചെയ്തിട്ടില്ല.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ ട്വീറ്റിലെ നിർദ്ദേശങ്ങളിലെ നാലാമത്തെ നിർദ്ദേശമാണ് വിവാദമായത്.18-നും 45-നുമിടയിൽ പ്രായമുള്ളവർക്ക് സ്വകാര്യ കേന്ദ്രങ്ങൾ വഴി മാത്രമേ വാക്സിനേഷൻ നടത്താൻ കഴിയൂ എന്നായിരുന്നു നിർദ്ദേശം. സ്വകാര്യ ആശുപത്രികൾ വഴിയാണ് വാക്സിൻ സ്വീകരിക്കേണ്ടത് എന്നതിനാൽ ഇതിനായി ആളുകൾ സ്വന്തം കൈയിൽനിന്നും പണം ചിലവഴിക്കേണ്ടി വന്നേക്കും. എല്ലാവർക്കും സൗജന്യ വാക്സിനേഷൻ എന്ന ചില സംസ്ഥാനങ്ങളുടെ നയത്തെയടക്കം അട്ടിമറിക്കാനുള്ള നീക്കമായി ഇത് വ്യാഖ്യാനിക്കപ്പെട്ടു. നിലവിൽ ഒരു ഡോസ് കോവിഷീൽഡിന് 600 രൂപയും ഒരു ഡോസ് കോവാക്സിന് 1200 രൂപയുമാണ് സ്വകാര്യകേന്ദ്രങ്ങളിലെ വില. ഇത് വാക്സിൻ കമ്പനികൾക്ക് പകൽക്കൊള്ള നടത്താനുള്ള അവസരമൊരുക്കുകയാണെന്ന വിമർശനം നിലനിൽക്കെയാണ് ഒരുപടികൂടിക്കടന്ന് ഇത്തരമൊരു നിർദ്ദേശം വന്നത്.

ഏപ്രിൽ 28 ബുധനാഴ്ച മുതൽ യുവജനങ്ങൾക്ക് വാക്സിനായി രജിസ്ട്രർ ചെയ്യാം. മെയ് ഒന്ന് ശനിയാഴ്ച മുതൽ രാജ്യത്തെ സ്വകാര്യ ആശുപത്രികൾ അല്ലെങ്കിൽ ക്ലിനിക്കുകൾ വഴി വാക്സിൻ ലഭ്യമാക്കും.

കമ്പനികളിൽ നിന്നും നേരിട്ട് വാക്സിൻ വാങ്ങാൻ വിവിധ സംസ്ഥാനങ്ങൾ ചർച്ചകൾ തുടങ്ങിയെങ്കിലും വാക്സിൻ കൊടുക്കുന്ന കാര്യത്തിൽ കമ്പനികൾ കൃത്യമായ ഉറപ്പൊന്നും നൽകിയിട്ടില്ലെന്നാണ് സൂചന. മെയ് 15 വരെയെങ്കിലും കമ്പനികളിൽ നിന്നും വാക്സിൻ കിട്ടാൻ സാധ്യതയില്ലെന്നാണ് രാവിലെ മാധ്യമങ്ങളെ കണ്ട് കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ആരോ​ഗ്യമന്ത്രിമാ‍ർ അറിയിച്ചത്. യുവജനങ്ങളുടെ വാക്സിനേഷൻ സ്വകാര്യമേഖലയിൽ നടക്കുമ്പോൾ 45 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ സ‍ർക്കാർ ആശുപത്രികളിൽ തുടരാനാണ് സാധ്യത. 

Vaccination for aged 18-45 only through private centres; MoH deletes tweet after backlash from social media