കോവിഡ്; ഇന്ത്യന്‍ ജനതയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചതായി അമേരിക്ക

single-img
25 April 2021

ഇന്ത്യയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചും സഹായം വാഗ്ദാനം ചെയ്തും അമേരിക്ക. കോവിഡ്വ്യാപനത്തെ നേരിടാൻ ഇന്ത്യയിലെ ജനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കാനുള്ള നടപടികള്‍ അമേരിക്കന്‍ ഭരണകൂടം സ്വീകരിച്ചതായി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കന്‍ അറിയിച്ചു.

ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ഭരണാധികാരികളുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുമെന്നും ബ്ലിങ്കന്‍ ട്വിറ്ററിൽ എഴുതി. ഇന്ത്യയ്ക്ക് അടിയന്തിരമായി അവശ്യസാധനങ്ങളെത്തിക്കാന്‍ അമേരിക്ക അഹോരാത്രം പ്രവര്‍ത്തിക്കുന്നതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവനും അറിയിച്ചു.

ഇതൊക്കെയാണെങ്കിലും ഇന്ത്യയിലേക്ക് വാക്സിൻ നിർമ്മിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കൾക്കേർപ്പെടുത്തിയ അമേരിക്കയുടെ കയറ്റുമതി നിരോധനത്തിനെ ന്യായീകരിച്ച് കഴിഞ്ഞ ദിവസം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് രം​ഗത്തെത്തിയിരുന്നു. സ്വന്തം ജനതയുടെ ആവശ്യങ്ങൾ ശ്രദ്ധിക്കുക എന്നതാണ് ബൈഡൻ ഭരണകൂടത്തിന്റെ ആദ്യ കടമയെന്നും കോവിഡ് രൂക്ഷമായ അമേരിക്കൻ ജനതയ്ക്ക് തന്നെയാവണം വാക്സീൻ ആദ്യം നൽകേണ്ടതെന്നും അദ്ദേഹം പറയുകയും ചെയ്തിരുന്നു.