മൂത്രമൊഴിക്കുന്നത് കുപ്പിയിലാണ്, ഭക്ഷണം പോലുമില്ല; നരകതുല്യമായ അവസ്ഥയില്‍ നിന്ന് സിദ്ധിഖ് കാപ്പനെ രക്ഷിക്കണമെന്ന് ഭാര്യ റൈഹാനത്ത്

single-img
25 April 2021

കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സിദ്ധിഖ് കാപ്പന് ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബം. സിദ്ധീഖ് കാപ്പന്റെ നില ഗുരുതരമാണെന്നും ആശുപത്രിയേക്കാള്‍ ഭേദം ജയിലാണന്നും റൈഹാന. സിദ്ധീഖ് കാപ്പനെ ശൗചാലയത്തില്‍ പോലും പോകാന്‍ അനുവദിക്കാതെ കെട്ടിയിട്ടിരിക്കുകയാണ്. നാലു ദിവസമായി കാപ്പന്‍ ഭക്ഷണം കഴിച്ചിട്ടില്ലന്നും ഭാര്യ പറഞ്ഞു.

യുഎപിഎ ചുമത്തപ്പെട്ട് ഉത്തര്‍പ്രദേശില്‍ തടവില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ കൊവിഡ് മൂലം ദുരിതത്തിലാണെന്ന് സിദ്ദീഖ് കാപ്പന്‍ ഐക്യദാര്‍ഡ്യ സമിതിയും പറഞ്ഞു. സിദ്ദീഖ് കാപ്പന് വിദഗ്ദ ചികിത്സ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യുപി സര്‍ക്കാറിനോട് ആവശ്യപ്പെടണമെന്നാണ് സമിതിയുടെ ആവശ്യം.

സിദ്ദിഖ് കാപ്പന്റെ ആരോഗ്യ നിലയില്‍ ആശങ്കയുണ്ട്. കൊവിഡിന് പുറമെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും കാപ്പന് ഉണ്ട് എന്നും ഐക്യദാര്‍ഢ്യ സമിതി ഭാരവാഹികള്‍. ഒരാഴ്ചയായി സിദ്ദീഖ് കാപ്പന് കടുത്ത പനിയാണ്. പ്രമേഹ രോഗിയായ കാപ്പന് ആവശ്യമായ ഭക്ഷണം കിട്ടുന്നില്ല. ദില്ലിയിലെ മെച്ചപ്പെട്ട ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റണം. ജാമ്യം അനുവദിക്കണം. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ ഇടപെടണം.

കഴിഞ്ഞ ദിവസം സിദ്ദിഖിന് കൊവിഡ് സ്ഥിരീകരിച്ച വിവരം അഭിഭാഷകനാണ് കുടുംബത്തെ വിവരമറിയിച്ചത്. ജയിലില്‍ കഴിയുന്ന അന്‍പതോളം പേര്‍ക്ക് കൊവിഡ് ബാധിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് കാപ്പനും രോഗം സ്ഥിരീകരിച്ചത്. മഥുര ജയിലാശുപത്രിയില്‍ കഴിയുന്ന കാപ്പന്റെ ആരോഗ്യനിലയില്‍ ആശങ്കയറിയിച്ച് കെയുഡബ്ല്യൂജെ ദില്ലി ഘടകം ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കത്ത് നല്‍കി.

സിദ്ദിഖ് കാപ്പന്റെ ദുരവസ്ഥയില്‍ ഇടപെടണമെന്ന് ചീഫ് ജസ്റ്റിസിന് കത്ത് അയച്ചിരുന്നു. കൊവിഡ് ബാധിതനായ സിദ്ദിഖ് കാപ്പനെ മൃഗത്തെ പോലെ ആശുപത്രിയില്‍ പൂട്ടിയിട്ടിരിക്കുന്നുവെന്ന് പരാതി. സിദ്ദിഖ് കാപ്പന്റെ ഭാര്യയുടെ പരാതിയില്‍ അഡ്വ വില്‍സ് മാത്യൂസാണ് ചീഫ് ജസ്റ്റിസ് എന്‍.വി രമണയ്ക്ക് കത്തയച്ചത്. സിദ്ദീഖ് കാപ്പന്‍ നാല് ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ലെന്നും ശൗചാലയത്തിലും പോയിട്ടില്ലെന്നും ഭാര്യ പരാതിപ്പെട്ടു. സുപ്രിംകോടതിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ മരിച്ചു പോയേക്കാമെന്നും കത്തില്‍ പറയുന്നു. ഉത്തര്‍പ്രദേശ് മഥുരയിലെ മെഡിക്കല്‍ കോളജിലാണ് സിദ്ദിഖ് കാപ്പന്റെ ചികിത്സ. അടിയന്തരമായി ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് മാറ്റണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.