വാക്സിനുകളെക്കുറിച്ചുള്ള അഭ്യൂഹങ്ങളിൽ വീഴരുത്; സംസ്ഥാനങ്ങൾക്ക് കേന്ദ്രം സൗജന്യമായി വാക്സിൻ അയച്ചെന്ന വാദവുമായി പ്രധാനമന്ത്രി മൻ കി ബാത്തിൽ

single-img
25 April 2021

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷനെക്കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ വീഴരുതെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രസർക്കാർ എല്ലാ സംസ്ഥാന സർക്കാരുകൾക്കും സൗജന്യമായി വാക്സിൻ അയച്ചിട്ടുണ്ടെന്ന് മോദി അവകാശപ്പെട്ടു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെ രാജ്യത്തോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സൗജന്യ വാക്സിന്‍ അയച്ചിട്ടുണ്ടെന്ന് നിങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കണം. അത് ഇനിയും തുടരും. 45 വയസ്സിന് മുകളിലുള്ള എല്ലാ ആളുകള്‍ക്കും ഇത് പ്രയോജനപ്പെടുത്താം. മെയ് 1 മുതല്‍ 18 വയസ്സിന് മുകളിലുള്ള ഓരോ വ്യക്തിക്കും വാക്സിൻ ലഭ്യമാകും’ പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ സൗജന്യ വാക്‌സിനേഷന്‍ പദ്ധതി ഭാവിയിലും തുടരും. സൗജന്യവാക്‌സിനേഷന്‍ പദ്ധതിയുടെ പ്രയോജനം കഴിയുന്നത്ര ആളുകളില്‍ എത്തിക്കാന്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

എന്നാൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് അവരുടെ വാക്സിനായ കോവിഷീൽഡ് സംസ്ഥാന സർക്കാരുകൾക്ക് വിൽക്കുന്നത് 400 രൂപയ്ക്കാണ്. കേന്ദ്രസർക്കാർ നൽകുന്നതിൻ്റെ ഇരട്ടിയിലധികം വിലയാണ് സംസ്ഥാനങ്ങൾ ഇതിന് നൽകേണ്ടിവരുന്നത്. ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിൻ സംസ്ഥാനങ്ങൾക്ക് നാലിരട്ടി വിലയ്ക്കാണ് വിൽക്കുന്നത്. ഈ വിവേചനപരവും യുക്തിരഹിതവുമായ വിലനിർണ്ണയം ചർച്ചയായ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പുതിയ അവകാശവാദം.

“നമ്മുടെ പ്രിയപ്പെട്ടവരില്‍ പലരും നമ്മെ അകാലത്തില്‍ വിട്ടുപിരിഞ്ഞു.  നമ്മള്‍ ഒന്നാം തരംഗത്തെ വിജയകരമായി നേരിട്ടതിനുശേഷം രാജ്യത്തിന്റെ മനോവീര്യം ഉയര്‍ന്നതായിരുന്നു, ആത്മവിശ്വാസമുണ്ടായിരുന്നു പക്ഷേ ഈ കൊടുങ്കാറ്റ് (രണ്ടാം തരംഗം) രാജ്യത്തെ പിടിച്ചുകുലുക്കി.“ മോദി പറഞ്ഞു.

എല്ലാവരും ഒത്തൊരുമിച്ചുള്ള പോരാട്ടം ആവശ്യമാണ്. വിശ്വസനീയമായ ഉറവിടങ്ങളിലൂടെ മാത്രം കോവിഡിനെക്കുറിച്ചുള്ള വിവരങ്ങള്‍ തേടണം. അഭ്യൂഹങ്ങള്‍ പരത്തരുതെന്ന് അഭ്യര്‍ത്ഥിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവിലെ സ്ഥിതിഗതികള്‍ പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.  രണ്ടാം തരംഗത്തെ നേരിടാന്‍, മരുന്ന് കമ്പനികള്‍, ഓക്‌സിജന്‍ നിര്‍മാതാക്കള്‍ തുടങ്ങിയ നിരവധി മേഖലകളിലെ വിദഗ്ധരുമായി താന്‍ ചര്‍ച്ച നടത്തിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരും ഡോക്ടര്‍മാരും നിലവില്‍ കോവിഡിനെതിരെ ഒരു വലിയ പോരാട്ടത്തിലാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മഹാമാരിയെ കുറിച്ച് അവര്‍ക്ക് നിരവധി അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Narendra Modi about vaccination in Mann Ki Baat