തമിഴ്‌നാട്ടിലെ പ്ലാന്റില്‍ നിന്ന് ഓക്സിജൻ ആന്ധ്രയ്ക്കും തെലങ്കാനയ്ക്കും നൽകരുത്; പ്രധാനമന്ത്രിക്ക് കത്തെഴുതി പളനിസ്വാമി

single-img
25 April 2021

കൊവിഡ് വൈറസ് വ്യാപനം രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ പ്ലാന്റില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഓക്സിജന്‍ ആന്ധ്രാപ്രദേശിനും തെലങ്കാനയ്ക്കും നല്‍കരുതെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചു.

സംസ്ഥാനത്തെ ശ്രീപെരുമ്പത്തൂരിലെ പ്ലാന്റില്‍ നിന്ന് 80 മെട്രിക് ടണ്‍ ഓക്‌സിജന്‍ വീതം ആന്ധ്രാപ്രദേശിനും തെലങ്കാനയ്ക്കും നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. പക്ഷെ നിലവില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാടിന് കൂടുതല്‍ ഓക്‌സിജന്‍ ആവശ്യമാണെന്ന് പളനിസ്വാമി കത്തില്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ തന്നെ 450 മെട്രിക് ടണ്ണിന്റെ കുറവ് തമിഴ്‌നാട്ടിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ 220 മെട്രിക് ടണ്‍ ഓക്‌സിജനാണ് തമിഴ്‌നാടിന് ഇപ്പോള്‍ അനുവദിക്കുന്നത്. കൊവിഡ് വ്യാപന തരംഗം രൂക്ഷമായതോടെ ഓക്‌സിജന്റെ ആവശ്യകത ചെന്നൈ നഗരത്തില്‍ കൂടിവരികയാണെന്നും, ശ്രീപെരുമ്പത്തൂര്‍ പ്ലാന്റിലെ ഓക്‌സിജന്‍ തമിഴ്‌നാടിന് വേണ്ടി മാത്രം ആവശ്യമാണെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.