മദ്യം നിരോധിച്ചതിനാല്‍ കുടിച്ചത് സാനിറ്റൈസര്‍; മഹാരാഷ്ട്രയില്‍ ഏഴു പേര്‍ മരിച്ചു

single-img
24 April 2021

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മദ്യം നിരോധിച്ചതിനാല്‍ പകരം മഹാരാഷ്ട്രയിൽ സാനിറ്റൈസര്‍ കുടിച്ച ഏഴ് പേര്‍ മരിച്ചു. സംസ്ഥാനത്തെ യാവാത്മല്‍ ജില്ലയിലെ വാനിയിലാണ് സംഭവം. പ്രദേശത്തെ ഒരു സംഘം യുവാക്കള്‍ മദ്യത്തിനു പകരം സാനിറ്റൈസര്‍ പരീക്ഷിക്കുകയായിരുന്നു.

30 മില്ലി ലിറ്റര്‍ സാനിറ്റൈസര്‍ കഴിച്ചാല്‍ അത് 250 മില്ലി ലിറ്റര്‍ മദ്യത്തിന്റെ ലഹരി നല്‍കുമെന്ന് യുവാക്കളെ ആരോ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ ഇവർ മദ്യത്തിനു പകരം സാനിറ്റൈസർ കഴിച്ചത്. ഇന്നലെയായിരുന്നു പാർട്ടി. അതിനായി അഞ്ച് ലിറ്റര്‍ സാനിറ്റൈസറാണ് യുവാക്കള്‍ വാങ്ങിയത്.

എന്നാല്‍ സാനിറ്റൈസര്‍ കുടിച്ചതിന് പിന്നാലെ ഓരോരുത്തര്‍ക്കായി ശാരീരികാസ്വാസ്ഥ്യം ഉണ്ടായി. ഛര്‍ദിക്കുകയും തളര്‍ന്നുവീഴുകയും ചെയ്തു. തുടര്‍ന്ന് യുവാക്കളെ വാനി സര്‍ക്കാര്‍ റൂറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തില്‍ ഇതുവരെ മൂന്ന് പേരുടെ പോസ്റ്റുമോര്‍ട്ടം നടത്തിയതായിയാതായും ബാക്കി നാലുപേരുടെ മൃതദേഹങ്ങള്‍ അധികൃതരെ അറിയിക്കാതെ ബന്ധുക്കള്‍ സംസ്‌കരിച്ചെന്നും പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവില്‍ സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.