പരാജയത്തിന്റെ കുഴിയിൽ മുംബൈ; എന്നാൽ റെക്കോഡുകളുടെ തോഴനായി രോഹിത് ശര്‍മ

single-img
24 April 2021

ഐപിഎൽ 14ാം സീസണില്‍ തുടർച്ചയായ മൂന്നാം കിരീടം തേടി ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ്‌ അഞ്ച് മത്സരത്തില്‍ മൂന്നിലും പരാജയപ്പെട്ടെങ്കിലും നായകന്‍ രോഹിത് ശര്‍മ റെക്കോഡുകൾ സ്വന്തമാക്കുകയാണ്. രോഹിതിന്റെ 200ാമത്തെ ഐപിഎല്‍ ഇന്നിങ്‌സായിരുന്നു ഇത്.

ക്യാപ്റ്റൻ നിലയില്‍ ടീമിനെ വിജയിപ്പിക്കാനാവാത്തത് നിരാശപ്പെടുത്തുന്നുവെങ്കിലും വ്യക്തിഗത പ്രകടനത്തില്‍ നിരവധി റെക്കോഡുകളുടെ ഭാഗമാവാന്‍ അവസാനം നടന്ന പഞ്ചാബിനെതിരായ അര്‍ദ്ധ സെഞ്ച്വറി പ്രകടനത്തിലൂടെ രോഹിതിന് സാധിച്ചു. വെറും 52 പന്തില്‍ 5 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 63 റണ്‍സാണ് രോഹിത് നേടിയത്.

ഇതോടുകൂടി കൂടുതല്‍ എതിരാളികള്‍ക്കെതിരേ 700 ലധികം റണ്‍സ് നേടുന്ന താരമാവാന്‍ രോഹിതിന് സാധിച്ചു. നേരത്തെ അഞ്ച് ടീമുകള്‍ക്കെതിരേ രോഹിത് 700ലധികം റണ്‍സ് നേടിയിട്ടുണ്ട്. ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്തുള്ള ഡേവിഡ് വാര്‍ണറും വിരാട് കോലിയും ശിഖര്‍ ധവാനും സുരേഷ് റെയ്‌നയും മൂന്ന് ടീമുകള്‍ക്കെതിരെയാണ് ഈ നേട്ടം സ്വന്തമാക്കിയത്.മാത്രമല്ല, ഓപ്പണറെന്ന നിലയില്‍ 1500 റണ്‍സും രോഹിത് പൂര്‍ത്തിയാക്കി.

ഇപ്പോൾ ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ് രോഹിത്. കോലിയും റെയ്‌നയുമാണ് ഈ റെക്കോഡില്‍ രോഹിതിന് മുകളിലുള്ളത്. ഐപിഎല്ലിലെ ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായ രോഹിത് 50ാം ഇന്നിങ്‌സില്‍ 18 റണ്‍സും 100ാം ഇന്നിങ്‌സില്‍ (59*) അര്‍ദ്ധ സെഞ്ച്വറിയും നേടി. 150ാം ഇന്നിങ്‌സില്‍ 5 റണ്‍സെടുത്ത രോഹിത് 200ാം ഇന്നിങ്‌സ് അര്‍ദ്ധ സെഞ്ച്വറിയോടെയാണ് ആഘോഷിച്ചത്.

അതേപോലെ തന്നെ ഈ സീസണിലെ സിക്‌സര്‍ വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് (9 സിക്‌സ്) രോഹിതുള്ളത്. 10 സിക്‌സുമായി ഹൈദരാബാദിന്റെ ജോണി ബെയര്‍സ്‌റ്റോയാണ് തലപ്പത്ത്. കൂടാതെ നിലവില്‍ റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ് രോഹിത്. 5 ഇന്നിങ്‌സില്‍ നിന്ന് 201 റണ്‍സാണ ഹിറ്റ്മാന്റെ പേരിലുള്ളത്. ടീം സ്‌കോര്‍ 140നുള്ളില്‍ ഒതുങ്ങിയ മത്സരങ്ങളില്‍ കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ നാലാം സ്ഥാനത്തേക്കെത്താനും രോഹിതിനായി. 205 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 31.57 ശരാശരിയില്‍ 5431 റണ്‍സാണ് രോഹിതിന്റെ പേരിലുള്ളത്. ഒരു സെഞ്ച്വറിയും 40 അര്‍ധ സെഞ്ച്വറിയും രോഹിത് സ്വന്തമാക്കിയിട്ടുണ്ട്.