“സ്വകാര്യ ആശുപത്രികൾ കൊവിഡ് ചികിത്സയ്ക്ക് അമിത തുക ഈടാക്കരുത്; കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കണം“: മുഖ്യമന്ത്രി

single-img
24 April 2021
pinarayi vijayan kerala covid management

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികൾ കൊവിഡ് ചികിത്സയ്ക്ക് അമിത തുക ഈടാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരമാവധി ആശുപത്രികൾ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കാമെന്ന് മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ ഉറപ്പ് നൽകി.  

നിലവിൽ 407 സ്വകാര്യ ആശുപത്രികൾ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. ഇതിൽ 137 ആശുപത്രികൾ ആണ് നിലവിൽ സർക്കാർ നിശ്ചയിച്ച തുകയിൽ കൊവിഡ് ചികിത്സ നൽകുന്നത്. ബാക്കിയുള്ള ആശുപത്രികൾ കൂടെ സഹകരിക്കണമെന്നും കുറഞ്ഞത് 25 % കിടക്കകളെങ്കിലും കൊവിഡ് ചികിത്സയ്ക്കായി മാത്രം മാറ്റി വയ്ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു . 

സാധാരണക്കാർക്ക് കൂടി ആശ്രയിക്കാൻ പറ്റുന്ന തരത്തിൽ നിരക്ക് ഏകീകരിക്കുകയോ കുറയ്ക്കുകയോ ചെയ്യാൻ ആശുപത്രി മാനേജ്‌മെന്‍റുകള്‍ തയ്യാറാകണം. ആംബുലൻസ് സേവനം ഉറപ്പാക്കണം.ഏകോപനം ഉറപ്പിക്കാൻ 108 ആംബുലസ് സർവീസുമായി സഹകരിക്കണമെന്നും കൂടുതൽ ആശുപത്രികൾ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കണം എന്നും ആവശ്യപ്പെട്ടു. ചികിത്സ ഇനത്തിൽ ചെലവായ തുക 15 ദിവസത്തിനുള്ളിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി നൽകണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു .

കിടക്കകൾ , ചികിത്സ ഇവ ഒരുക്കാം എന്ന് സമ്മതിച്ച മാനേജ്മെന്‍റ് അസോസിയേഷൻ പക്ഷെ ചികിത്സകൾക്ക് ഒരേ നിരക്ക് ഈടാക്കാൻ ആകില്ലെന്ന് അറിയിച്ചു. ഓരോ ആശുപത്രിയുടെയും നിലവാരം അനുസരിച്ചാകും ചികിത്സാ നിരക്ക് എന്നാണ് അസോസിയേഷൻ നിലപാട്. അമിത തുക ഈടാക്കി എന്ന പരാതി ഉണ്ടായാൽ അത് പരിഹരിക്കാൻ ജില്ലാതല സമിതി രൂപീകരിക്കണം. കളക്ടര്‍ , ഡിഎംഒ , ഹോസ്പിറ്റൽ മാനേജ്‌മെന്റ് അസോസിയേഷൻ ഭാരവാഹി എന്നിവർ അംഗങ്ങൾ ആയ സമിതി അത് പരിശോധിച്ച് നടപടി എടുക്കണമെന്നും അസോസിയേഷൻ  ആവശ്യപ്പെട്ടു.

Private Hospitals should charge only reasonable rates from Covid 19 patients: Kerala Cm Pinarayi Vijayan