ആശുപത്രികളില്‍ കിടക്കകളുടെ എണ്ണം യുദ്ധകാലാടിസ്ഥാനത്തിൽ കൂട്ടണം: മുഖ്യമന്ത്രി

single-img
24 April 2021

കേരളത്തിലെ എല്ലാ മേഖലകളിലും കൊവിഡ് വ്യാപനമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വടക്കേഇന്ത്യന്‍ സംസ്ഥാനങ്ങളിൽ കാണുന്നതുപോലെ പരിഭ്രാന്തി സൃഷ്‌ടിക്കുന്ന സാഹചര്യം കേരളത്തിലില്ല.കൊവിഡുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടിയെടുക്കുമെന്നും ഇത്തരക്കാർക്കെതിരെ മാധ്യമങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങൾ എല്ലാവരും കൊവിഡ് കാല ജാഗ്രത പുലർത്തണം. പരമാവധി ആൾക്കൂട്ടം ഒഴിവാക്കാനും, സാമൂഹിക അകലം പാലിക്കുന്നതിനും,സ്വയം വീഴ്‌ചകൾ വരുത്താതെ ശ്രദ്ധിക്കുകയും വേണമെന്നും ജനം ജാഗ്രത കാട്ടിയാൽ മതിയാകുമെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

കേരളത്തിലെ സ്വകാര്യ ആശുപത്രികളുമായി സർക്കാർ ചർച്ച നടത്തി. കൊവിഡ് പ്രതിരോധത്തിന് പൂർണ പിന്തുണ സ്വകാര്യ ആശുപത്രികൾ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രികളിൽ 25 ശതമാനം കിടക്കകൾ കൊവിഡ് രോഗികൾക്ക് മാ‌റ്റിവയ്‌ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കിടക്കകളുടെ എണ്ണം യുദ്ധകാലാടിസ്ഥാനത്തിൽ കൂട്ടണം. ഓരോ ദിവസവുമുണ്ടാകുന്ന കിടക്കകളുടെ എണ്ണം ആരോഗ്യ വകുപ്പിനെ അറിയിക്കണം.ഇതോടൊപ്പം തന്നെ ഐസിയുകളും വെന്റിലേ‌റ്ററുകളും സജ്ജമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.