ഓക്സിജൻ പ്രഷർ കുറഞ്ഞു: ഡൽഹി ആശുപത്രിയിൽ 20 പേർ മരിച്ചു

single-img
24 April 2021
delhi covid oxygen death

ഡൽഹി: രാജ്യത്ത് ഓക്സിജൻ ലഭിക്കാതെ വീണ്ടും കോവിഡ് മരണം. ഡൽഹിയിലെ രോഹിണി സെക്ടർ 3യിലുള്ള ജയ്പൂർ ഗോൾഡൻ ഹോസ്പിറ്റലിലാണ് ഓക്സിജൻ പ്രഷർ കുറഞ്ഞത് മൂലം 20 കോവിഡ് രോഗികൾ മരണത്തിന് കീഴടങ്ങിയത്. ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചിരുന്ന രോഗികളാണ് മരിച്ചത്.

“ ഈ രോഗികൾ ഗുരുതരാവസ്ഥയിലായതിനാൽ ക്രിട്ടിക്കൽ കെയർ യൂണിറ്റിലായിരുന്നു. കുറച്ച് സമയത്തേയ്ക്ക് ഓക്സിജൻ പ്രഷർ കുറഞ്ഞു. സാധാരണഗഹിയിൽ അങ്ങനെ ഓക്സിജൻ പ്രഷർ കുറഞ്ഞതുകൊണ്ട് രോഗികൾ മരിക്കില്ല. പക്ഷേ ഇവർക്ക് ഉയർന്ന മർദ്ദത്തിൽ ഓക്സിജൻ ആവശ്യമുള്ള രോഗികളായിരുന്നു.” ആശുപത്രി സൂപ്രണ്ട് ഡോ. ഡികെ ബാലുജ ഇന്ത്യൻ എക്സ്പ്രസ് ദിനപ്പത്രത്തോട് പറഞ്ഞു.

ഓക്സിജൻ വിതരണത്തിൽ കുറവുണ്ടെന്ന് പരാതി പറഞ്ഞ ഡൽഹിയിലെ നിരവധി ആശുപത്രികളിൽ ഒന്നായിരുന്നു ജയ്പൂർ ഗോൾഡൻ ആശുപത്രി. ആശുപത്രിയിലേക്കുള്ള ഓക്സിജൻ വിതരണത്തിൽ വെള്ളിയാഴ്ച ഏഴുമുതൽ എട്ടുമണിക്കൂർ വരെ താമസമുണ്ടായെന്ന് ഡോ. ബാലുജ പറഞ്ഞു. ശരിക്കും ആവശ്യമുള്ളതിൻ്റെ 40 ശതമാനം സ്റ്റോക്ക് മാത്രമേ തങ്ങൾക്ക് ലഭിച്ചുള്ളൂവെന്നും അദ്ദേഹം അറിയിച്ചു. 215 കോവിഡ് രോഗികളാണ് ഈ ആശുപത്രിയിൽ ഉള്ളത്.

വ്യാഴാഴ്ച രാത്രി ഡൽഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിൽ കോവിഡ് 25 രോഗികളാണ് ഓക്സിജൻ മുടങ്ങിയതിനെത്തുടർന്ന് മരണത്തിന് കീഴടങ്ങിയത്.

Oxygen pressure low, 20 Covid-19 patients die at Delhi’s Jaipur Golden hospital