ജോലിയില്‍ പ്രവേശിച്ച ഉടന്‍ ലീവെടുത്തു; 15 വര്‍ഷംകൊണ്ട് നാല് കോടിയിലധികം രൂപ ശമ്പളം കൈപ്പറ്റിയ 67 കാരൻ അറസ്റ്റിൽ

single-img
23 April 2021

ആശുപത്രിയില്‍ ജോലിയിൽ പ്രവേശിച്ച ഉടൻതന്നെ ലീവെടുത്ത് നാല് കോടിയിലധികം രൂപ ശമ്പളം കൈപ്പറ്റിയ 67 കാരൻ അറസ്റ്റിൽ. ഇറ്റലിയിലുള്ള ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ 15 വർഷമാണ് ഇയാൾ അധികൃതരെ കബളിപ്പിച്ച് ശമ്പളം വാങ്ങിയത്.

ജോലി ഉണ്ടായിട്ടും ഇയാൾ 15 വർഷത്തിനിടയ്ക്ക് ഒരു ദിവസം പോലും ജോലിയിൽ ഹാജരായിട്ടില്ലെന്ന് പോലീസ് പറയുന്നു. പക്ഷെ മാസാമാസം ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. 2005ലായിരുന്നു കാറ്റന്‍സാരോയിലെ ആശുപത്രിയില്‍ സ്‌കുമസ് ജോലിയ്ക്കെത്തിയത്.

2005 മുതല്‍ 2020 വരെ ഇയാള്‍ ജോലിയില്‍ പ്രവേശിക്കാതെ ശമ്പളം വാങ്ങി. 5,38,999 യൂറോ (ഏകദേശം 4,86,53,028 രൂപ)യാണ് ഇയാള്‍ കൈപ്പറ്റിയതെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇയാള്‍ക്കെതിരെ തട്ടിപ്പ്, കൊള്ളയടി, ഭീഷണിപ്പെടുത്തല്‍, ഔദ്യോഗിക കാര്യങ്ങളുടെ ദുരുപയോഗം എന്നീ കുറ്റങ്ങള്‍ ചുമത്തി അന്വേഷണം ആരംഭിച്ചതായി പോലീസ് മാധ്യമങ്ങളെ അറിയിച്ചു.

ആശുപത്രിയുടെ ഡയറക്ടറെ ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ ശമ്പളം വാങ്ങിയിരുന്നത് എന്നാണ് വിവരം . ഡയറക്ടര്‍ ഇയാള്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കാതിരിക്കാനായിരുന്നു ഈ ഭീഷണിപ്പെടുത്തല്‍ ആശുപത്രിയിലെ നിരവധി പേരില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങുന്നത്. അതേസമയം, ഇയാള്‍ക്ക് വ്യാജ രേഖ നിര്‍മ്മിച്ച് നല്‍കിയതിന് ആശുപത്രിയിലെ നാല് ജീവനക്കാര്‍ക്കെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.