“കേന്ദ്ര സര്‍ക്കാരേ, നിങ്ങളാണ് ഇതിന്റെ ഉത്തരവാദികള്‍”; കോവിഡ് വീഴ്ചയിൽ കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

single-img
23 April 2021

കോവിഡ് രണ്ടാം തരംഗത്തില്‍ രോഗികള്‍ ഓക്‌സിജനും ചികിത്സയും കിട്ടാതെ മരിക്കാനിടയാകുന്ന സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എം.പി. ‘കോറോണ ഓക്‌സിജന്‍ ലെവല്‍ താഴ്ത്താന്‍ കാരണമാകുന്നു. എന്നാല്‍ ഓക്‌സിജന്‍ ക്ഷാമവും ഐ.സി.യു കിടക്കുകളുടെ അഭാവവും നിരവധി മരണങ്ങള്‍ക്ക് ഇടയാക്കുന്നു. കേന്ദ്ര സര്‍ക്കാരേ, ഇതിന്റെ ഉത്തരവാദികള്‍ നിങ്ങളാണ്’ രാഹുല്‍ ട്വീറ്റ് ചെയ്തു.

രാജ്യത്ത് തുടര്‍ച്ചയായി ഇന്നലെയും പ്രതിദിന കോവിഡ് രോഗികള്‍ മൂന്ന് ലക്ഷം കടന്നു. ഇന്നലെ 3,32,730 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 2,263 പേര്‍ കൂടി മരിച്ചു. 1,93,279 പേര്‍ ഇന്നലെ രോഗമുക്തരായി. 24,28,616 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കോവിഡ് കേസുകള്‍ മൂന്നു ലക്ഷത്തിനു മുകളിലെത്തുന്നത്.

ഓക്‌സിജന്‍ ക്ഷാമമാണ് കോവിഡ് പോരാട്ടത്തില്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഡല്‍ഹി ശ്ര ഗംഗാറാം ആശുപത്രിയില്‍ 25 രോഗികളാണ് ഇതിനകം ഒപ്രാണവായു കിട്ടാതെ മരിച്ചത്. വെള്ളിയാഴ്ച 10 മണിവരെയുള്ള ഓക്‌സിജനാണ് ഇവിടെയുള്ളത്. അതിനകം ഓക്‌സിജന്‍ ലഭിച്ചില്ലെങ്കില്‍ 60 പേരുടെ ജീവന്‍ അപകടത്തിലാണെന്ന് ആശുപത്രി അധികൃതര്‍ തന്നെ വ്യക്തമാക്കി. 510 രോഗികളുള്ള ഇവിടെ 142 പേര്‍ക്ക് ഓക്‌സിജന്‍ നല്‍കേണ്ടതുണ്ട്. ആശുപത്രി അധികൃതര്‍ അപായ മുന്നറിയിപ്പ് നല്‍കിയതോടെ ഓക്‌സിജന്‍ ടാങ്കറുകള്‍ എത്തിതുടങ്ങി. രണ്ട് മെട്രിക് ടണ്‍ ഓക്സിജനാണ് എത്തിച്ചത്. ഏതാനും മണിക്കൂര്‍ മാത്രമാണ് ഇത് ഉപകരിക്കുക.

ഇന്ത്യയിലെ പ്രതിസന്ധി കോറോണ മൂലം മാത്രമല്ല, കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ കൊണ്ടുമാണ്. വ്യാജമായ ആഘോഷങ്ങളും പൊള്ളയായ വാഗ്ദാനങ്ങളുമല്ല, വേണ്ടത് പരിഹാരമാണ്.- രാഹുല്‍ ഇന്നലെ പറഞ്ഞിരുന്നു.