ഒഴിഞ്ഞ റെമെഡിസിവര്‍ കുപ്പിയില്‍ പാരസെറ്റാമോള്‍ നിറച്ച് കുത്തിവെപ്പ്; തട്ടിപ്പിനിരയായ രോഗി മരിച്ചതിനെ തുടർന്ന് നാല് പേര് അറസ്റ്റിൽ

single-img
23 April 2021

കോവിഡ്‌ സംഹാരതാണ്ഡവമാടുന്ന മഹാരാഷ്ട്രയില്‍ റെമെഡിസിവര്‍ എന്ന പേരില്‍ വ്യാജമരുന്ന് കുത്തിവെച്ചതിനെ തുടര്‍ന്ന് കോവിഡ് രോഗി മരിച്ചു. സംഭവത്തിന് പിന്നാലെ വ്യാജ മരുന്ന് കുത്തിവെയ്പ് നടത്തിയ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. റെമെഡിസിവര്‍ എന്ന മരുന്നിന്റെ ഒഴിഞ്ഞ കുപ്പിയില്‍ പാരസെറ്റാമോള്‍ നിറച്ച് കുത്തിവെയ്പ നടത്തിയിരുന്നതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

പിടിയിലായവർക്കെതിരെ നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ദിലീപ് ഗ്യാന്‍ ദേവ് ഗെയ്ക്ക്വാഡ്, സന്ദീപ് സഞ്ജയ് ഗെയ്ക്ക്വാഡ് ഭിഗ്വാന്‍, പ്രശാന്ത് സിദ്ധേശ്വര്‍ ധാരത്ത്, ശങ്കര്‍ ദാദാ ഭീസ് എന്നിവരാണ് പിടിയിലായത്. ഈ സംഘത്തിലെ സന്ദീപ് ഗെയ്ക്വാഡ് ആശുപത്രിയില്‍ പോയി റെമഡെസിവിറിന്റെ ഉപയോഗിച്ച ശേഷമുള്ള ഒഴിഞ്ഞ കുപ്പികള്‍ ശേഖരിക്കാറുണ്ടായിരുന്നു. ഈ കുപ്പികള്‍ കൊണ്ടുവന്ന് അവയില്‍ പാരസെറ്റമോള്‍ നിറയ്ക്കുകയും തുടർന്ന് കോവിഡ് രോഗികള്‍ക്ക് വന്‍ തുകയ്ക്ക് കുത്തിവെയ്പ് നടത്തുകയുമായിരുന്നു ഇവർ ചെയ്തുവന്നിരുന്നത്.

ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ദിലീപ് ഗെയ്ക്വാദാണ് സംഘത്തിന്റെ സൂത്രധാരന്‍. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇയാളോട് രോഗികളുടെ ബന്ധുക്കള്‍ കോവിഡിന്റെ കുത്തിവെയ്പ്പിനെക്കുറിച്ചും മരുന്നുകളെക്കുറിച്ച ചോദിക്കുന്നത് പതിവായിരുന്നു. ആ സാഹചര്യമാണ് സംഘം മുതലെടുത്തത്. തന്നോട് മരുന്നിനെക്കുറിച്ച് ചോദിക്കുന്ന ബന്ധുക്കള്‍ക്ക് പ്രശാന്ത് ധാരത്, ശങ്കര്‍ ഭീസ് എന്നിവര്‍ വഴി മരുന്ന് ഗെയ്ക്ക്വാദ് വില്‍പ്പന നടത്തി. ഈ രീതിയില്‍ ഇവര്‍ 35,000 രൂപ വരെ ​നേടിയെന്നാണ് പോലീസ് പറയുന്ന വിവരം.

കുത്തിവെയ്ക്കപ്പെട്ട ഒരു രോഗി മരിച്ചതോടെയാണ് ഇവര്‍ നിരീക്ഷണത്തിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എത്തിയ പോലീസ് നാലു പേരെയും കയ്യോടെ പിടികൂടി. ബാരാമതിയിലെ ഗോര്‍ഡ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന സതാര നിവാസിയായ സ്വപ്‌നില്‍ യാദവ് എന്നായാളാണ് വ്യാജ റെമെഡിസിവിര്‍ കുത്തിവയ്പ്പ് സ്വീകരിച്ച് മരണമടഞ്ഞത്. ഡോ. ഗോരാദ് ഇതിനെക്കുറിച്ച് വിവരം നല്‍കിയ ശേഷം നാല് പ്രതികള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ടെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ മഹേഷ് ധവാന്‍ പറഞ്ഞു.

ഈ കേസില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണ് പോലീസ് ഇപ്പോള്‍. എത്ര പേര്‍ക്ക് ഈ ഗ്രൂപ്പ് വ്യാജ മരുന്നുകള്‍ നല്‍കിയെന്നും അന്വേഷിക്കുന്നുണ്ട്. ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നാണ് പോലീസ് പറയുന്നത്.