ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് 30 ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തി കാനഡ

single-img
23 April 2021

ഇന്ത്യയില്‍ കൊവിഡ് വ്യാപനം തീവ്രമായ പശ്ചാത്തലത്തില്‍ ഇവിടെ നിന്നുള്ള വിമാനങ്ങള്‍ക്ക് കാനഡ വിലക്കേര്‍പ്പെടുത്തി. 30 ദിവസത്തേക്കാണ് വിലക്ക്. പാകിസ്ഥാനില്‍ നിന്നുള്ള വിമാനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുഎഇയും ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇവിടെ നാളെ മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും. മെയ് നാല് വരെ പത്ത് ദിവസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം തീരുമാനം പുനഃപരിശോധിക്കുമെന്നാണ് യുഎഇ അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ 14 ദിവസം ഇന്ത്യയില്‍ തങ്ങുകയോ ഇതുവഴി ട്രാന്‍സിറ്റ് ചെയ്യുകയോ ചെയ്ത യാത്രക്കാരെയും യുഎഇയിലേക്ക് വരാന്‍ അനുവദിക്കില്ല. എമിറേറ്റ്സ്, ഫ്‌ളൈ ദുബായ് വിമാന കമ്പനികള്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കി. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിരോധിച്ചുകൊണ്ട് ഒമാന്‍ സുപ്രിം കമ്മറ്റിയും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.