കോവിഡ് വ്യാപനം: സിഗരറ്റ് താൽക്കാലികമായി നിരോധിക്കുന്ന കാര്യം പരിഗണിക്കണമെന്ന് ബോംബെ ഹൈക്കോടതി

single-img
23 April 2021
Bombay HC suggests temporary ban on cigarette

മുംബൈ: കോവിഡ് രോഗത്തിൻ്റെ രണ്ടാം തരംഗം ശക്തമായ സാഹചര്യത്തിൽ സിഗരറ്റിൻ്റെയും ബീഡിയുടെയും വില്പന താൽക്കാലികമായി നിരോധിക്കുന്ന കാര്യം പരിഗണിക്കണമെന്ന് ബോംബെ ഹൈക്കോടതി. ഇക്കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രതികരണവും കോടതി ആരാഞ്ഞു. പുകവലിക്ക് അടിമയായ കോവിഡ് 19 രോഗികളുടെ വിവരങ്ങളും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് 19 രോഗം ശ്വാസകോശത്തെയാണ് ബാധിക്കുന്നതെന്നതെന്നും ദുർബ്ബലമായ ശ്വാസകോശങ്ങളുള്ളവർക്ക് രോഗം കൂടുതൽ ദോഷകരമായിരിക്കുമെന്നും അതിനാലാണ് സിഗരറ്റ് നിരോധനം ആവശ്യമാകുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു. ഫലവത്തായ കോവിഡ് 19 നിയന്ത്രണം സാധ്യമാക്കണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപ്പര്യ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം.

“കോവിഡ് 19 രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗികൾ സിഗരറ്റും ബീഡിയും വലിക്കുന്നവരാണോയെന്ന കാര്യം പരിഗണിക്കേണ്ടതുണ്ട്. ഈ രോഗം ശ്വാസകോശത്തെയാണ് ബാധിക്കുന്നതെന്നതിനാലും ശ്വാസകോശം ദുർബ്ബലമെങ്കിൽ രോഗബാധ ഗുരുതരമെന്നതും എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.“ കോടതി നിരീക്ഷിച്ചു.

പുകവലിക്കാരിൽ കോവിഡ് 19 രോഗം എങ്ങനെ ബാധിക്കുന്നു എന്നകാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരു ഡേറ്റയും പ്രസിദ്ധീകരിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ഈ മഹാവ്യാധിയുടെ കാലത്ത് പൗരന്മാരുടെ ആരോഗ്യത്തെ മാരകമായി ബാധിക്കുന്നതാണെങ്കിൽ സിഗരറ്റിൻ്റെയും ബീഡിയുടെയും വിൽപ്പന നിരോധിക്കുന്ന കാര്യം പരിഗണിക്കണമെന്നും കോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്ത(Dipankar Datta), ജസ്റ്റിസ് ഗിരീഷ് എസ് കുൽക്കർണി(Girish S Kulkarni) എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് മുംബൈ സ്വദേശിയായ സ്നേഹ മർജാദി(Sneha Marjadi) എന്ന അഭിഭാഷകയുടെ പൊതുതാൽപ്പര്യ ഹർജി പരിഗണിച്ചത്.

Bombay High Court suggests temporary ban on cigarette sale during pandemic