സ്ത്രീയുടെ മൊബൈൽ മോഷ്ടിച്ച ശേഷം ഉടമയെയും ബന്ധുക്കളെയും വിളിച്ച് അസഭ്യവർഷം; പൊലീസിനും തെറിവിളി: യുവാക്കൾ അറസ്റ്റിൽ

single-img
23 April 2021

കൊല്ലം: ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായ സ്ത്രീയുടെ മൊബൈൽ മോഷ്ടിച്ച ശേഷം ബന്ധുക്കളെ വിളിച്ച് അസഭ്യവർഷം നടത്തിയ യുവാക്കൾ അറസ്റ്റിൽ. അഞ്ചൽ, അഗസ്ത്യക്കോട് അമ്പലമുക്കിൽ കമല പ്രഭാകര(71) ൻ്റെ മൊബൈലാണ് മോഷ്ടിക്കപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പ്രതികളെയും കോടതി 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. അഞ്ചൽ പടിഞ്ഞാറ്റിൻകര അനിൽ ഭവനത്തിൽ കൊച്ചുനാരായണൻ മകൻ അനിൽ കുമാർ(36), വെളിനല്ലൂർ മുളയറച്ചാലിൽ കിഴക്കടത്ത് വീട്ടിൽ രാധാകൃഷ്ണപിള്ള മകൻ ശ്രീഹരി( 32), വാളകം, അകമൺ വയണാമ്മൂലയിൽ ആട്ടറ പുത്തൻ വീട്ടിൽ നളൻ മകൻ മഹേഷ്(35) എന്നിവരാണ് പിടിയിലായത്.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മണിയോടെയാണ് സംഭവം. മക്കൾ വിദേശത്തായതിനാൽ ഒറ്റയ്ക്ക് താമസിക്കുന്ന കമലയുടെ തിരുവനന്തപുരം സ്വദേശിയായ മരുമകൻ്റെ സുഹൃത്താണെന്നും അടുത്തുള്ള പറമ്പ് വാങ്ങിയത് താനാണെന്നും പറഞ്ഞ് വീട്ടിലെത്തിയ പറമ്പിലെ അനിൽ കുമാർ ജോലിക്കാർക്ക് കൊടുക്കാനെന്ന വ്യാജേന ആയിരം രൂപ കടം ചോദിച്ചു. പണമെടുക്കാൻ പോയ തക്കത്തിന് സോഫയിൽ കിടന്ന മൊബൈൽ കൈക്കലാക്കിയ അനിൽ കുമാർ രൂപ വാങ്ങിയ ശേഷം ഒരു ഓട്ടോറിക്ഷയിൽ കയറി കടന്നുകളഞ്ഞു. തൽസമയം ഇയാളോടൊപ്പം ഓട്ടോറിക്ഷയിൽ ശ്രീഹരിയും മഹേഷും ഉണ്ടായിരുന്നു.

മോഷണവും തട്ടിപ്പുമാണെന്ന് മനസിലാക്കിയയുടൻ കമല അഞ്ചൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ രാത്രിയോടെ കമലയുടെ ഫോണിൽ സേവ് ചെയ്തിരുന്ന സ്ത്രീകളുടെ നമ്പരുകളിലേയ്ക്കെല്ലാം മഹേഷ് കമലയുടെ ഫോണിൽ നിന്ന് തന്നെ വിളിക്കുകയും അസഭ്യം പറയുകയും ചെയ്തു. “നിങ്ങളുടെ മോശം വീഡിയോകൾ ഈ ഫോണിലുണ്ടെന്നും ഫെയ്സ്ബുക്കിലിടുമെന്നും“ പറഞ്ഞ് ചിലരെയെല്ലാം “ബ്ലാക്ക്മെയിൽ“ ചെയ്യാനും ഇയാൾ മുതിർന്നു. കമലയുടെ ഡ്രൈവറെ വിളിച്ച് അവരുടെ കയ്യിലുള്ള ഫോണിൻ്റെ നമ്പർ മേടിച്ച മഹേഷ് മറ്റൊരു നമ്പരിൽ നിന്നും അവരെയും വിളിച്ച് അശ്ലീലവും അസഭ്യവും പറഞ്ഞു.

ഫോൺ തിരികെയെത്തിക്കാൻ ആവശ്യപ്പെട്ട് അഞ്ചൽ പൊലീസ് ഈ നമ്പരിൽ ബന്ധപെട്ടതോടെയാണ് സംഭവങ്ങളുടെ ഗതി മാറിയത്. പൊലീസ് സ്റ്റേഷനിലെ ലാൻഡ് ലൈൻ നമ്പരിലേയ്ക്ക് തിരിച്ചുവിളിച്ച ഇയാൾ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു.

അനിൽ കുമാറും ശ്രീഹരിയുമാണ് ആദ്യം പൊലീസിൻ്റെ പിടിയിലായത്. ഇവരുടെ മൊഴിയനുസരിച്ച് മഹേഷും പിന്നീട് അറസ്റ്റിലായി. മഹേഷ് മാനസികരോഗിയാണെന്ന് ഇയാളുടെ വീട്ടുകാർ അറിയിച്ചെന്ന് അഞ്ചൽ പൊലീസ് പറയുന്നു. ഇയാൾ ആയൂരിൽ ബാർബർ ഷോപ്പ് നടത്തിവരികയാണ്. അനിൽ കുമാർ വാളകത്ത് ബാർബർ ഷോപ്പ് നടത്തുന്നു.

അഞ്ചൽ സി.ഐ. വി സൈജു നാഥ് ,എസ്ഐ ദീപു ജി, എസ്ഐ പ്രശാന്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനിൽകുമാർ, നിഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 378 (മോഷണം), 453(വീട്ടിൽ അതിക്രമിച്ച് കടക്കൽ) എന്നീ വകുപ്പുകൾ ചുമത്തി. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.