ഇത് നമ്മുടെ നാടല്ലേ, കേരളമല്ലേ; കേരളത്തിൽ വാക്സിന്‍ സ്വീകരിച്ചവര്‍ ഇന്ന്മാത്രം ദുരിതാശ്വാസനിധിയിലേക്ക് അയച്ചത് 22 ലക്ഷം രൂപ

single-img
22 April 2021

കേന്ദ്ര സർക്കാർ സ്വീകരിച്ച പുതിയ വാക്‌സിന്‍ നയത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്‌സിന്‍ ഡോസിന് ചിലവാകുന്ന തുക ജനങ്ങൾ നല്‍കുന്ന ക്യാംപയിനെക്കുറിച്ച് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതാണ് കേരളത്തിന്റെ പ്രത്യേകതയെന്നും പ്രതിസന്ധിക്കൊപ്പം ജനങ്ങള്‍ കൂടെ നില്‍ക്കുന്നത് ഇതിനു മുമ്പും നമ്മള്‍ കണ്ടതാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

‘കേരളത്തിന്റെ കൂട്ടായ്മയുടെ ശക്തി നമ്മള്‍ ഇതിനുമുമ്പും കണ്ടതാണ്. ഈ ഘട്ടത്തില്‍ ഇത്തരം ഒരു കാര്യത്തിന് തയ്യാറായി പലരും മുന്നോട്ട് വരുന്നു എന്നത് കാണേണ്ട കാര്യമാണ്.അഭിമുഖീകരിക്കുന്ന എല്ലാ പ്രതിസന്ധികളും മറികടക്കുന്നതിന് നമുക്ക് കരുത്തായി മാറുന്നത് ഇത്തരം പ്രവര്‍ത്തനങ്ങളും പിന്തുണയുമാണ്.

ഇന്ന് ഒരു ദിവസത്തിനുള്ളില്‍, വൈകീട്ട് നാലര മണി വരെ വാക്‌സിന്‍ എടുത്തവര്‍ മാത്രം നല്‍കിയ സംഭാവന 22 ലക്ഷം രൂപയാണ്. കേരളത്തിൽ സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്,’ മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾ കേന്ദ്ര നയത്തിനെതിരെ ക്യാംപയിൻ ആരംഭിക്കുന്നതിന് മുമ്പായി ഒരു ലക്ഷം രൂപയ്ക്കടുത്തായിരുന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഉണ്ടായിരുന്നത്. എന്നാൽ ഇതിനോടകം 7.28 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ എത്തിയിട്ടുണ്ട്.