നാളെ തൃശൂര്‍ പൂരം, ഇത്തവണയും ആഘോഷങ്ങളില്ല; വാദ്യവും കൊട്ടും ഘോഷവുമില്ലാത്ത തൃശൂര്‍

single-img
22 April 2021

നാളെ തൃശൂര്‍ പൂരം. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇക്കുറിയും പൂരം ചടങ്ങായി മാത്രം ചുരുങ്ങുകയാണ്. പൂരവിളംബരം അറിയിച്ച് നെയ്തലക്കാവ് ഭഗവതി ഇന്ന് തെക്കേ ഗോപുരനട തള്ളിത്തുറക്കാനെത്തും. നെയ്തലക്കാവ് ഭഗവതി രാവിലെ കുറ്റൂര്‍ ദേശം വിട്ടിറങ്ങും. പതിനൊന്ന് മണിയോടെ തെക്കേ ഗോപുരം ഇത്തവണ എറണാകുളം ശിവകുമാര്‍ തള്ളിത്തുറക്കും.

വാദ്യക്കാരും ദേശക്കാരുമടക്കം 50 പേരാണ് ഓരോ ഘടക പൂരങ്ങളെയും അനുഗമിക്കുക. ഒരാനപ്പുറത്താണ് നാളത്തെ പൂരം. പങ്കെടുക്കുന്നവര്‍ക്ക് കൊവിഡ് ഇല്ല എന്ന് തെളിയിക്കുന്ന രേഖ നിര്‍ബന്ധമാണ്. തിരുവമ്പാടി ഒരാനപ്പുറത്ത് ചടങ്ങുകള്‍ നടത്തും. മഠത്തിലേക്കുള്ള യാത്രയും മീത്തില്‍ നിന്നുള്ള വരവും പേരിന് മാത്രം. തെക്കോട്ടിറക്കത്തിനൊടുവില്‍ തിരുവമ്പാടിക്ക് കുടമാറ്റമില്ല. പാറമേക്കാവിന്റെ പൂരത്തില്‍ പതിനഞ്ചാനകളുണ്ടാകും.

കിഴക്കേ ഗോപുരം വഴി വടക്കുംനാഥനിലേക്ക്. അവിടെ ഇലഞ്ഞിത്തറ മേളം നടക്കും. പിന്നീട് തെക്കോട്ടിറക്കം. കുടമാറ്റം പ്രദര്‍ശനത്തിലൊതുക്കും. പൂര നാള്‍ രാത്രി ഇരുവിഭാഗവും വെടിക്കെട്ടിന് തിരി കൊളുത്തും. പിറ്റേന്നാള്‍ ശ്രീ മൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിയല്‍ ഉണ്ടാകും.

ചടങ്ങുകള്‍ മാത്രമാണ്. കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങളെ മാനിച്ച് ഇത്തവണയും ആഘോഷങ്ങളില്ലാത്തൊരു പൂരം കൂടി….