രാജ്യവ്യാപകമായി ഓക്സിജൻ വിതരണം ഉറപ്പുവരുത്തണം; ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി

single-img
22 April 2021

കൊവിഡ് വൈറസ് വ്യാപന രണ്ടാം തരംഗം ശക്തമായതോടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ നേരിടുന്ന ഓക്സിജന്‍ ക്ഷാമം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു.

രാജ്യവ്യാപകമായി ഓക്സിജൻ വിതരണം ഉറപ്പുവരുത്തണമെന്നും സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായത്ര ഓക്സിജന്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും പ്രധാനമന്ത്രി യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക്നിര്‍ദ്ദേശം നല്‍കി.

ഇപ്പോള്‍ ഉള്ളതില്‍ നിന്നും ഓക്സിജന്‍റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും വിതരണം മെച്ചപ്പെടുത്തുന്നതിനും കേന്ദ്രം നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയോട് യോഗത്തില്‍ വിശദീകരിച്ചു. ഓക്സിജന്‍ ലഭ്യത ഉറപ്പ് വരുത്താന്‍ ഒന്നിലധികം മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ട അവശ്യകത പ്രധാനമന്ത്രി ഉദ്യോഗസ്ഥരുമായി പങ്കുവെച്ചു.

എല്ലാ സംസ്ഥാനങ്ങളിലേക്കുള്ള ഓക്സിജൻ വിതരണം സുഗമവും തടസ്സവുമില്ലാതെ നടക്കണമെന്ന് പ്രധാനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനു എന്തെങ്കിലും തടസ്സങ്ങളുണ്ടായാല്‍ അതാത് സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിച്ച് പരിഹാരം കാണമെന്നും ഓക്സിജന്റെ ഉൽപാദനവും വിതരണവും വർദ്ധിപ്പിക്കുന്നതിനുള്ള വിവിധ നൂതന മാർഗങ്ങൾ കണ്ടെത്തണമെന്നും പ്രധാനമന്ത്രി വിവിധ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടു.യോഗത്തിൽ ആഭ്യന്തര സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി, വാണിജ്യ വ്യവസായ മന്ത്രാലയം, റോഡ് ഗതാഗത മന്ത്രാലയം, ഫാർമസ്യൂട്ടിക്കൽസ്, നിതി ആയോഗ് തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികളും പങ്കെടുത്തു.