ജനങ്ങള്‍ മരിക്കുമ്പോള്‍ വ്യവസായത്തെക്കുറിച്ചാണ് നിങ്ങള്‍ ചിന്തിക്കുന്നത്? കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ഡല്‍ഹി ഹൈക്കോടതി

single-img
22 April 2021

ഡല്‍ഹിയിലെ ആറ് മാക്‌സ് ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭ്യമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. ബുധനാഴ്ച രാത്രി എട്ടിന് പ്രത്യേക സിറ്റിങ് നടത്തിയ ഹൈക്കോടതി കേന്ദ്രത്തിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. ജനങ്ങളുടെ ജീവനെക്കുറിച്ച് സര്‍ക്കാരിന് ചിന്തയില്ലെന്നാണ് ഇപ്പോഴത്തെയവസ്ഥ സൂചിപ്പിക്കുന്നതെന്ന് ഹൈക്കോടതി പറഞ്ഞു. ജനങ്ങള്‍ മരിച്ചുകൊണ്ടിരിക്കുമ്പോള്‍ വ്യവസായത്തെക്കുറിച്ചാണ് നിങ്ങള്‍ ചിന്തിക്കുന്നതെന്നും വ്യവസായികള്‍പോലും സഹായിക്കാന്‍ സന്നദ്ധരാകുമ്പോള്‍ സര്‍ക്കാരിന് മനുഷ്യജീവനെക്കുറിച്ച് ചിന്തയില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. 1400-ലേറെ കോവിഡ് രോഗികളുള്ള മാക്‌സ് ആശുപത്രികളില്‍ അടിയന്തരമായി ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കണമെന്ന് ഉത്തരവിട്ടുകൊണ്ടാണ് ജസ്റ്റിസുമാരായ വിപിന്‍ സംഘി, രേഖാ പള്ളി എന്നിവരുടെ പരാമര്‍ശമുണ്ടായത്. വ്യാവസായികാവശ്യത്തിനുള്ള ഓക്‌സിജന്‍ പൂര്‍ണമായും വകമാറ്റിയാണെങ്കില്‍പ്പോലും രോഗികള്‍ക്ക് നല്‍കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

പൗരന്‍മാരുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ പെട്രോളിയം, ഉരുക്ക് വ്യവസായങ്ങള്‍ക്ക് നല്‍കുന്ന ഓക്‌സിജന്‍ രോഗികള്‍ക്കായി നല്‍കണം. അടിയന്തരമായി ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കണമെന്നുകാട്ടി മാക്സ് ആശുപത്രി ഉടമകളായ ബാലാജി മെഡിക്കല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.