അവശതകളെ അവഗണിച്ച് വാക്‌സിന്‍ സ്വീകരിച്ചു, വാക്‌സിനേഷന് വരാന്‍ മടിക്കുന്നവര്‍ക്ക് 104 വയസുകാരി അന്നമ മാതൃകയാവുന്നു

single-img
22 April 2021

വാര്‍ധക്യ അവശതകളെ അവഗണിച്ച് കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ച് 104 കാരി അന്നം. അങ്കമാലി കറുകുറ്റി പഞ്ചായത്തിലെ കരയാംപറമ്പ് പുതിയാട്ടില്‍ വീട്ടില്‍ വര്‍ക്കിയുടെ ഭാര്യയായ അന്നം അങ്കമാലി താലൂക്കാശുപത്രിയിലത്തെി കൊവിഡ് വാക്സിന്‍ സ്വീകരിച്ചത് വാക്സിന്‍ സ്വീകരിക്കാന്‍ മടിച്ച് നില്‍ക്കുന്നവര്‍ക്ക് പ്രചോദനമാവുകയാണ്.

സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയും പ്രായമേറിയ ഒരാള്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചതെന്ന് ആരോഗ്യവകുപ്പധികൃതര്‍ അറിയിച്ചു. ഏഴ് മക്കളും 14 കൊച്ചുമക്കളും 22 പേരക്കുട്ടികളുമുള്ള അന്നം പണ്ടു കാലത്ത് നാട്ടില്‍ ഭീതിപരത്തിയ വിവിധങ്ങളായ മഹാമാരികളുടെ അനുഭവങ്ങള്‍ പാഠമാക്കിയാണ് യുവത്വത്തിന്റെ പ്രസരിപ്പോടെ മക്കളോടൊപ്പം താലൂക്കാശുപത്രിയിലത്തെി കൊവിഡ് വാക്സിന്‍ സ്വീകരിച്ചത്. താലൂക്കാശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. നസീമ നജീബിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അന്നത്തെ സ്വീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. കൊവിഡ് മഹാമാരിയെ തുരത്താന്‍ അധികാരികള്‍ വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയതിന് അഭിനന്ദനവും, മടി കാണിക്കാതെ എല്ലാവരും വാക്സിന്‍ എടുക്കണമെന്ന വീഡിയോ സന്ദേശവും നല്‍കിയാണ് അന്നം ആശുപത്രിയില്‍ നിന്ന് മടങ്ങിയത്.