വളാഞ്ചേരിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍, യുവാവ് അറസ്റ്റില്‍

single-img
21 April 2021

വളാഞ്ചേരി ആതവനാട് ചോറ്റൂരിലെ ചെങ്കല്‍ക്വാറിയില്‍ പഴക്കംചെന്ന മൃതദേഹം കണ്ടെത്തി.മൃതദേഹം പൂര്‍ണമായും പുറത്തെടുക്കാനായിട്ടില്ല. മാര്‍ച്ച് 10-ന് കാണാതായ കഞ്ഞിപ്പുര ചോറ്റൂരിലെ കിഴക്കത്ത് പറമ്പാട്ട് കബീറിന്റെ മകള്‍ സുബീറ ഫര്‍ഹത്തി(21)ന്റേതാണ് മൃതദേഹമെന്ന് പോലീസ് . യുവതിയുടെ അയല്‍വാസിയായ കഞ്ഞിപ്പുര ചോറ്റൂര്‍ വരിക്കോടന്‍ അന്‍വറിനെ (38) അറസ്റ്റുചെയ്തു. ഫര്‍ഹത്തിനെ മുഖം പൊത്തി പൊന്തക്കാട്ടിലേക്ക് പിടിച്ചു കൊണ്ടുപോയി കൊലപ്പെടുത്തുകയാണ് ചെയ്തതെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. യുവതിയുടെ മൂന്നുപവന്‍ സ്വര്‍ണാഭരണം കൈക്കലാക്കിയശേഷം മൃതദേഹം കുഴിച്ചുമൂടുകയുമായിരുന്നുവെന്നും പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ യുവതിയെ ശാരീരികമായി ഉപദ്രവിച്ചതിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ. വെട്ടിച്ചിറയിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയായ ഫര്‍ഹത്ത് മാര്‍ച്ച് പത്തിന് രാവിലെ വീട്ടില്‍നിന്ന് ജോലിക്ക് പോയശേഷം വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെ നാട്ടുകാരായ ചിലരാണ് ക്വാറിയില്‍ മണ്ണ് ഇളകിയനിലയില്‍ കണ്ടത്. സംശയം തോന്നിയതിനാല്‍ പോലീസില്‍ വിവരമറിയിച്ചു.

തിരൂര്‍ ഡിവൈ.എസ്.പി. കെ. സുരേഷ്ബാബു, വളാഞ്ചേരി സി.ഐ. പി.എം. ഷമീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങി. എന്നാല്‍, ഇരുട്ടായതോടെ ഇന്നലെ മൃതദേഹം പുറത്തെടുത്തിട്ടില്ല. ക്വാറിയും പരിസരവും പോലീസ് കാവലിലാണ്.