വളാഞ്ചേരിയിലെ സുബീറ ഫര്‍ഹതിന്റെ കൊലപാതകം; പ്രതിയെ കുരുക്കിയത് കൃത്യമായ അന്വേഷണത്തിലൂടെ

single-img
21 April 2021

വളാഞ്ചേരിയിലെ സുബീറ ഫര്‍ഹത് തിരോധാനക്കേസിലെ പ്രതി വരിക്കോടന്‍ അന്‍വറിനെ പോലീസ് കുരുക്കിട്ടത് വിദഗ്ധമായ അന്വേഷണത്തിലൂടെ. 40 ദിവസം പിന്നിട്ട തിരോധാനക്കേസ് വളരെ സൂക്ഷ്മമായി അന്വേഷിച്ചാണ് പോലീസ് പ്രതിയെ കുടുക്കിയത്.

ആതവനാട് ചോറ്റൂര്‍ സ്വദേശിയായ കബീറിന്റെ മകള്‍ സുബീറ ഫര്‍ഹതിനെ മാര്‍ച്ച് 10 മുതലാണ് കാണാതായത്. വെട്ടിച്ചിറയിലെ ഡെന്റല്‍ ക്ലിനിക്കിലെ സഹായിയായ സുബീറ ഫര്‍ഹത്ത് കാണാതായ ദിവസം രാവിലെ വീട്ടില്‍ നിന്നും ജോലി സ്ഥലത്തേക്കിറങ്ങിയ ദൃശ്യങ്ങള്‍ തൊട്ടപ്പുറത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ പിന്നീട് എന്ത് സംഭവിച്ചുവെന്നതില്‍ ദുരൂഹത ബാക്കി നിന്നു. കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.

കാണാതായ ദിവസം രാവിലെ 9.04 നാണ് സമീപത്തെ വീട്ടിലെ സിസിടിവിയില്‍ സുബീറയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. എന്നാല്‍ 10.30 വരെ പ്രവര്‍ത്തിച്ചിരുന്ന ഫോണ്‍ തുടര്‍ന്ന് സ്വിച്ച് ഓഫ് ആകുകയായിരുന്നു. അത്രയും സമയം തന്നെ വളാഞ്ചേരി ടവര്‍ പരിസരത്ത് തന്നെയാണ് ഫോണുണ്ടായതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കൂടാതെ ഒരുവര്‍ഷത്തെ ഫോണ്‍ വിളികും മെസ്സേജുകളും മറ്റും പരിശോധിച്ചെങ്കിലും ദുരൂഹമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

വട്ടപ്പാറ സി ഐ ഓഫീസിന് സമീപത്തെ ബസ്സ്റ്റോപ്പില്‍ നിന്ന് ബസ് കയറിയാണ് വെട്ടിച്ചിറയിലെ ക്ലിനിക്കിലേക്ക് പോകാറ്. എന്നാല്‍ ബസ് സ്റ്റോപ്പില്‍ സുബീറ എത്തിയിട്ടില്ലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ബസ് സ്്റ്റോപ്പിന് സമീപത്തെ സിസിസടിവിയില്‍ സുബീറയുടെ ദൃശ്യം പതിഞ്ഞിട്ടില്ലായിരുന്നു. ഇതോടെയാണ് സുബീറ ഷോര്‍ട്ട് കട്ടില്‍ നിന്നാണ് കാണാതായതെന്ന് പോലീസ് സംശയിച്ചു.

സുബീറയുടെ വീടിന് സമീപം വിജനമായ ക്വാറി പ്രദേശമായിരുന്നു. അവിടെ വല്ല അപകടത്തില്‍ പെട്ടതാകുമെന്ന് കരുതി നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതിനടക്ക് ഇവിടെ കൂട്ടിയിട്ടിരുന്ന മണ്ണ് ഒറ്റ രാത്രികൊണ്ട് നിരപ്പാക്കിയത് സംശയത്തിനിടയാക്കി.

ക്വാറിയില്‍ കൂട്ടിയിട്ടിരുന്ന മണ്ണ് ഒറ്റ രാത്രികൊണ്ട് നിരപ്പാക്കിയതില്‍ ദുരൂഹത തോന്നിയ പോലീസ് ആദ്യം അന്‍വറിനെ ചോദ്യം ചെയ്തിരുന്നു. സ്ഥലം നടത്തിപ്പുക്കാരനായ ഇയാള്‍ റോഡിന് വേണ്ടി നിരപ്പാക്കിയതാണെന്ന് പറഞ്ഞ് തടിയൂരുകയായിരുന്നു. പക്ഷെ മൊഴിയിലെ വൈരുധ്യം വീണ്ടും സംശയത്തിനിടയാക്കി. തുടര്‍ന്നാണ് മണ്ണിടാനെത്തിയ ജെസിബി ഡ്രൈവറിനെ ചോദ്യം ചെയ്യുന്നത്. അന്‍വറിന്റെ നിര്‍ബന്ധ ബുദ്ധിക്ക് വഴങ്ങിയാണ് ഒറ്റ രാത്രികൊണ്ട് മണ്ണ് നിരപ്പാക്കിയതെന്ന് ജെസിബി ഡ്രൈവര്‍ മൊഴി നല്‍കിയതോടെ അന്‍വറിനെ കുരുക്കാന്‍ പൊലീസിന് മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല. കാണാതായ മാര്‍ച്ച് 10ന് ശേഷം 12ാം തീയതിയാണ് മണ്ണ് നിരപ്പാക്കിയത്. അതും ഒറ്റ രാത്രികൊണ്ട് എന്തിന് നിരപ്പാക്കിയെന്ന ചോദ്യം പ്രതിയിലേക്കെത്തിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.