വളാഞ്ചേരിയിലെ കൊലപാതകം; മുന്‍ഭാര്യയ്ക്ക് നല്‍കേണ്ട ജീവനാംശ തുക കണ്ടെത്താനെന്ന് മൊഴി

single-img
21 April 2021

മലപ്പുറം വാളാഞ്ചേരി ആതവനാട് ചോറ്റൂരിലെ ചെങ്കല്‍ക്വാറിയില്‍ കണ്ടെടുത്ത മൃതദേഹം കഞ്ഞിപ്പുര ചോറ്റൂരിലെ കിഴക്കത്ത് പറമ്പാട്ട് കബീറിന്റെ മകള്‍ സുബീറ ഫര്‍ഹത്തി(21)ന്റേതാണെന്ന് സ്ഥിരീകരിച്ചു. മാര്‍ച്ച് 10-നാണ് ഫര്‍ഹത്തിനെ കാണാതായത്. മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവതിയുടെ അയല്‍വാസിയായ കഞ്ഞിപ്പുര ചോറ്റൂര്‍ വരിക്കോടന്‍ അന്‍വറിനെ (38) പോലീസ് പോലീസ് ചോദ്യം ചെയ്തു.

ചോദ്യം ചെയ്യലിൽ ഫര്‍ഹത്തിനെ കടന്നു പിടിച്ച് മുഖം പൊത്തി പൊന്തക്കാട്ടിലേക്ക് പിടിച്ചു കൊണ്ടുപോയി കൊലപ്പെടുത്തുകയാണ് ചെയ്തതെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. യുവതിയുടെ മൂന്നുപവന്‍ സ്വര്‍ണാഭരണം കൈക്കലാക്കിയശേഷം മൃതദേഹം കുഴിച്ചുമൂടുകയുമായിരുന്നുവെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. വിവാഹ മോചിതനായ അൻവർ മുന്‍ഭാര്യയ്ക്ക് നല്‍കേണ്ട ജീവനാംശ തുക കണ്ടെത്താനാണ് യുവതിയെ കൊന്ന് സ്വര്‍ണ്ണാഭരണം കൈക്കലാക്കിയത്. ക്രിമിനല്‍ സ്വഭാവമുള്ളയാളാണ് ഇയാളെന്ന് നാട്ടുകാര്‍ പറയുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ യുവതിയെ ശാരീരികമായി ഉപദ്രവിച്ചതിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. വെട്ടിച്ചിറയിലെ സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരിയായ ഫര്‍ഹത്ത് മാര്‍ച്ച് പത്തിന് രാവിലെ വീട്ടില്‍നിന്ന് ജോലിക്ക് പോയശേഷം വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. ആഴ്ചകളായി നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ടവര്‍ ലെക്കേഷന്‍ വിട്ട് പോയിട്ടില്ലെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു പൊലീസ്. ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെ നാട്ടുകാരായ ചിലരാണ് ക്വാറിയില്‍ മണ്ണ് ഇളകിയനിലയില്‍ കണ്ടത്. സംശയം തോന്നിയതിനാല്‍ പോലീസില്‍ വിവരമറിയിച്ചു. വിവാഹിതയായ സുബീറ ഒരു വര്‍ഷം മുന്‍പ് വിവാഹമോചനം നേടിയിരുന്നു.