കാലിൽ സംഖ്യകള്‍ എഴുതിയ പേപ്പർ കെട്ടിയ നിലയില്‍; പാകിസ്താന്റെ അതിര്‍ത്തി കടന്നെത്തിയ പ്രാവിനെ പിടികൂടി

single-img
21 April 2021

പഞ്ചാബിൽ നിന്നും തികച്ചും സംശയാസ്പദമായ സാഹചര്യത്തിൽ പോലീസ് ഒരു പ്രാവിനെ പിടികൂടി. പാകിസ്താന്റെ ഭാഗത്തു നിന്നും അന്താരാഷ്ട്ര അതിർത്തി കടന്ന് ഇന്ത്യൻ ഭാഗത്തേക്ക് പ്രവേശിച്ച പ്രാവിനെയാണ് പിടികൂടിയത്.

നിലവിൽ സംഭവത്തിൽ പഞ്ചാബ് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. റോറൻവാലയിലെ അതിർത്തി പോസ്റ്റിൽ നിന്നാണ് പ്രാവിനെ പിടിച്ചത്. ഇവിടെ കാവൽ നിൽക്കുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്റെ അടുത്തേക്ക് കറുപ്പും വെളുപ്പും നിറത്തിലുള്ള പ്രാവ് പറന്നുവരികയായിരുന്നു. ഈ പ്രാവിന്റെ കാലിൽ പേപ്പർ കെട്ടിയിരുന്നു.

ഇത് കണ്ട് സംശയം തോന്നിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ പ്രാവിനെ പിടികൂടുകയായിരുന്നു. ഉടൻ തന്നെ വിവരം പോസ്റ്റ് കമാൻഡർ ഓംപാൽ സിംഗിനെ അറിയിക്കുകയും ചെയ്തു. പ്രാവിന്റെ കാലുകളിൽ കെട്ടിയ പേപ്പറിൽ സംഖ്യകളാണ് എഴുതിയിരിക്കുന്നത് എന്നാണ് വിവരം. ഇത് എന്താണെന്നത് അധികൃതർ വിശദമായി പരിശോധിക്കുകയാണ്. ഒരുപക്ഷെ പാകിസ്താനിൽ നിന്നും പരിശീലനം ലഭിച്ച പ്രാവാണ് പിടിയിലായതെന്നാണ് സംശയിക്കുന്നത്. സമാനമായി അടുത്തകാലത്തിൽ തന്നെ ജമ്മു കാശ്മീരിൽ നിന്നും അതിർത്തി കടന്നെത്തിയ പ്രാവിനെ പിടികൂടിയിരുന്നു.