കേന്ദ്രം നല്‍കുന്ന വിഹിതത്തിനായി കാത്തു നില്‍ക്കാതെ കേരളം സ്വന്തം നിലയില്‍ വാക്‌സിന്‍ വാങ്ങണം: വി മുരളീധരന്‍

single-img
21 April 2021

ഓരോ ദിവസവും കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര സർക്കാർ നൽകുന്ന വിഹിതത്തിനു വേണ്ടി കാത്തു നില്‍ക്കാതെ കേരളം സ്വന്തം നിലയില്‍ വാക്‌സിന്‍ വാങ്ങണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സംസ്ഥാനത്തെ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രഖ്യാപിച്ചതാണ്. അത് നടപ്പാക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരാതില്‍ ഇപ്പോള്‍ വാക്‌സിന്‍ കേന്ദ്രങ്ങള്‍ രോഗവ്യാപന കേന്ദ്രങ്ങളാകുന്ന സാഹചര്യമാണ് ഉള്ളത്.
ഇത് പരിഹരിക്കാന്‍ ഓരോദിവസവും വാക്‌സിന്‍ നല്‍കുന്നവരെ മുന്‍കൂട്ടി തീരുമാനിക്കുകയും അവരെ അറിയിക്കുകയും വേണം. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് പോലും വാക്‌സിന്‍ നല്‍കുന്നതാണ് കേരളം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

വരുന്ന നാല് ദിവസത്തിനുള്ളില്‍ കേന്ദ്രം 6.5 ലക്ഷം ഡോസ് വാക്‌സിന്‍ കേരളത്തിന് നല്‍കും. നേരത്തെ ഒരാഴ്ചക്കുള്ളില്‍ 1.12 ലക്ഷം പേര്‍ക്കാണ് കേരളത്തില്‍ വാക്‌സിന്‍ നല്‍കിയത്. ഒരേസമയം 50 ലക്ഷം വാക്‌സിന്‍
കൂടി വേണമെന്നും രണ്ട് ലക്ഷം വാക്‌സിന്‍ മാത്രമേ ബാക്കിയുള്ളുവെന്നും പറഞ്ഞാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകുന്നത് സ്വാഭാവികമാണ്.

ഇനിയും ഒരാഴ്ചത്തേക്കുള്ള വാക്‌സിന്‍ കൂടി കേരളത്തിലുണ്ട്.നിലവില്‍ ആവശ്യമായ വാക്‌സിന്‍ ഇല്ലെന്ന് പറഞ്ഞ് ആരോഗ്യമന്ത്രിയടക്കം ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.