ഓക്സിജൻ ഇല്ലെന്ന കാരണത്താൽ ആളുകളെ മരണത്തിന് വിട്ടുകൊടുക്കാനാവില്ല; കേന്ദ്രസർക്കാരിനെതിരെ ഡൽഹി ഹൈക്കോടതി

single-img
21 April 2021

വൈറസ് വ്യാപനം രാജ്യ തലസ്ഥാനത്തെ പിടിച്ചുകുലുക്കുമ്പോഴും ആശുപത്രികള്‍ നിറയുമ്പോഴും ഓക്സിജൻ ക്ഷാമത്തിൽ കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി രംഗത്ത്. കേന്ദ്രസര്‍ക്കാര്‍ ഈ സാഹചര്യത്തിലും എന്തുകൊണ്ടാണ് യാഥാർഥ്യം മനസ്സിലാക്കാത്തത് എന്ന് കോടതി ചോദിച്ചു.

സംസ്ഥാനം അഭിമുഖീകരിക്കുന്ന ഓക്സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട മാക്സ് ഹോസ്പിറ്റൽസിന്റെ ഹര്‍ജിയിൽ അടിയന്തരമായി വാദം കേൾക്കുകയായിരുന്നു ഇന്ന് ഹൈക്കോടതി. ഇവിടെ നടക്കുന്നത് എന്താണെന്ന് കേന്ദ്ര സർക്കാർ എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല. ഓക്സിജൻ ഇല്ലെന്ന കാരണത്താൽ ആളുകളെ മരണത്തിന് വിട്ടുകൊടുക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, ഈ പ്രശ്നം ഡൽഹിയിൽ മാത്രമല്ലെന്ന് പറഞ്ഞ കോടതി, മഹാരാഷ്ട്രയിലെ നാസിക്കിൽ ഓക്സിജൻ ചോർന്ന് രോ​ഗികൾ മരിച്ചതിനെയും പരാമർശിച്ചു. വളരെ അടിയന്തര സാഹചര്യമാണ് രാജ്യത്തുള്ളത്. വിദേശത്ത് നിന്നും ഓക്സിജൻ ഇറക്കുമതി ചെയ്യുമെന്ന് നേരത്തെ കോടതിയിൽ അറിയിച്ചതിന്റെ കാര്യമെന്തായെന്നും ഓക്സിജൻ ഉത്പാദനം സർക്കാർ നേരിട്ട് ഏറ്റെടുത്ത് നടത്തണമെന്നും കോടതി പറഞ്ഞു.