സംസ്ഥാനത്ത് പ്രതിദിന രോഗികള്‍ 50,000 കടന്നേക്കും, ജാഗ്രത പാലിക്കുക,യോഗം വിളിച്ച് മുഖ്യമന്ത്രി

single-img
21 April 2021

സംസ്ഥാനത്ത് ഇന്നും നാളെയുമായി നടത്തുന്ന കൂട്ട പരിശോധനയുടെ ഫലമായിരോഗികളുടെ എണ്ണം അര ലക്ഷത്തിലേക്ക് ഉയര്‍ന്നേക്കുമെന്ന് കോര്‍ കമ്മറ്റിയോഗത്തിലെ വിലയിരുത്തല്‍.
ആശുപത്രികളോട് സജ്ജമാകാന്‍ നിര്‍ദേശം നല്‍കി.മൂന്ന് ലക്ഷത്തോളം പേരില്‍ പരിശോധന നടത്താനാണ് തീരുമാനം. ഇതിന്റെ ഫലങ്ങള്‍ കൂടി വരുന്നതോടെ രോഗികളുടെ എണ്ണം അര ലക്ഷത്തിലേക്ക് ഉയര്‍ന്നേക്കുമെന്നാണ് കൊവിഡ് കോര്‍ കമ്മറ്റി യോഗത്തിലെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ആശുപത്രികളോട് സജ്ജമാകാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വാക്‌സീന്‍ ക്ഷാമം തുടരുന്നതിനിടെ 5.5 ലക്ഷം വാക്‌സീന്‍ കേന്ദ്രത്തില്‍ നിന്നും ഇന്ന് ലഭ്യമാകുമെന്നതാണ് പ്രതീക്ഷ നല്‍കുന്നത്.

കൊവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും. രാവിലെ പതിനൊന്നിനാണ് യോഗം. ഓണ്‍ലൈന്‍ വഴി ചേരുന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നതഉദ്യോഗസ്ഥരും പൊലീസ് മേധാവിയും പങ്കെടുക്കും. സര്‍ക്കാരിന്റെ തുടര്‍ നടപടികള്‍ക്ക് യോഗം രൂപം നല്‍കും. രോഗ വ്യാപനം നിയന്ത്രിക്കുന്നതിനായുള്ള രാത്രികാല കര്‍ഫ്യു സംസ്ഥാനത്ത് നിലവില്‍ വന്നു. രാത്രി ഒമ്പത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയാണ് നിയന്ത്രണം.

കൊവിഡ് തീവ്ര വ്യാപനത്തില്‍ കനത്ത ആശങ്ക നിലനില്‍ക്കുന്ന എറണാകുളം ജില്ലയില്‍ ഇന്ന് മുതല്‍ പ്രാദേശിക ലോക്‌ഡൌണ്‍.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനിയന്ത്രിതമായി ഉയര്‍ന്നതോടെ വെങ്ങോല, മഴുവന്നൂര്‍, എടത്തല പഞ്ചായത്തുകളും ഇന്ന് വൈകീട്ട് ആറ് മണി മുതല്‍ അടച്ചിടും. അവശ്യസേവനങ്ങള്‍ക്ക് മാത്രമാകും അനുമതി. ഈ മേഖലകളില്‍ കൂടുതല്‍ പേരെ ഇന്ന് മുതല്‍ കൂട്ട പരിശോധനക്ക് വിധേയരാക്കും. എറണാകുളം ജില്ലയില്‍ ഇന്ന് കുറഞ്ഞത് 20,000 ഡോസ് വാക്‌സീന്‍ വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ പ്രതീക്ഷ