എന്റെ കുഞ്ഞെവിടെ? ചോദിക്കുന്നത് ചെയ്യാത്ത തെറ്റിന് മൂന്നര വർഷങ്ങൾക്ക് ശേഷം ജയില്‍ മോചിതനായ സുരേഷ്

single-img
21 April 2021

തെറ്റായ കേസില്‍ കുടുങ്ങി ജാമ്യമെടുക്കാന്‍ ആളില്ലാതെ മൂന്നരവര്‍ഷത്തോളം വിചാരണത്തടവുകാരനായി ജയിലില്‍ കിടന്ന സുരേഷ് കണ്ണീരോടെ ചോദിക്കുന്നു,എന്റെ കുഞ്ഞിനെ കണ്ടെത്തിത്തരുമോ?എന്റെ ഭാര്യയുടെ മൃതദേഹം എവിടെയാണ് മറവുചെയ്തതെന്ന് പറയുമോ?

നാഗര്‍കോവിലില്‍നിന്ന് ഭാര്യയോടൊപ്പം കൊച്ചിയിലേക്ക് ചേക്കേറി ആക്രി ശേഖരിച്ച് ജീവിക്കുകയായിരുന്നു. 2017-ലെ ക്രിസ്മസ്ദിനത്തില്‍ നിയമം വിലക്കിയ മരുന്നുകള്‍ ആക്രിച്ചാക്കില്‍ കണ്ടെത്തിയെന്നതായിരുന്നു എറണാകുളം സെന്‍ട്രല്‍ പോലീസ് ചുമത്തിയ കുറ്റം.
മെഡിക്കല്‍ സ്ഥാപനം വഴിയിലുപേക്ഷിച്ച കാലഹരണപ്പെട്ട മരുന്നുകള്‍ ശേഖരിച്ചത് കുപ്പിയുടെ മൂടിയിലെ അലൂമിനിയം വേര്‍തിരിച്ചെടുക്കാനാണെന്ന് സുരേഷ് പറഞ്ഞെങ്കിലും പോലീസ് വിശ്വസിച്ചില്ല. തമിഴ് സംസാരിക്കാന്‍ മാത്രമറിയുന്ന നിരക്ഷരനായ എ.സുരേഷ് 2017 ഡിസംബര്‍ 27-ന് റിമാന്‍ഡ് പ്രതിയായി തൃശ്ശൂര്‍ ജില്ലാ ജയിലിലെത്തി. ജയിലിലെ ദിവസക്കൂലിയായ 127 രൂപയില്‍നിന്ന് മിച്ചംപിടിച്ച 10,000 രൂപ മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവനചെയ്തു സുരേഷ്.

റിമാന്‍ഡ് കാലാവധിക്കുശേഷം 2018 ജനുവരിയില്‍ സുരേഷിനെ ജാമ്യത്തിലെടുക്കാന്‍ ഭാര്യ അദ്ഭുതമേരി എല്ലാ ഒരുക്കങ്ങളും നടത്തി. പക്ഷേ, ജാമ്യം പരിഗണിക്കുന്നതിന് രണ്ടുനാള്‍മുമ്പ് അദ്ഭുതമേരി പ്രസവത്തോടെ മരിച്ചെന്ന വിവരമാണ് സുരേഷിന് കിട്ടിയത്. ആ കുഞ്ഞ് എവിടെയെന്ന് സുരേഷിനോട് ആരും പറഞ്ഞിട്ടില്ല. കുറ്റക്കാരനാണെന്ന പേരില്‍ സുരേഷിനെ കുടുംബവും ഉപേക്ഷിച്ചു.

എറണാകുളം ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടന്ന കേസില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ശ്രീകുമാറാണ് സുരേഷിനുവേണ്ടി ഹാജരായത്. പ്രതി കുറ്റക്കാരനല്ല എന്നു കണ്ടെത്തി കോടതി വെറുതെ വിടുകയായിരുന്നു. സുരേഷിന്റെ ജീവിതകഥയറിഞ്ഞ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലൂബെല്‍ ഗ്രൂപ്പിന്റെ ഡയറക്ടര്‍ ജോമോന്‍ ജോര്‍ജ് തൃശ്ശൂരിലെ അഭിഭാഷകന്‍ എ.ജെ. അഭിലാഷിനെയും ശ്രീകുമാറിന്റെ സഹായിയായി നിയമിച്ചിരുന്നു.