എല്ലാ രാഷ്ട്രീയ പരിപാടികളും മാറ്റിവെച്ച് ബിജെപി കോവിഡ് പ്രതിരോധത്തിനിറങ്ങും: കെ സുരേന്ദ്രന്‍

single-img
21 April 2021

മുന്നോട്ടുള്ള എല്ലാ രാഷ്ട്രീയ പരിപാടികളും മാറ്റിവെച്ച്‌ ബിജെപി കോവിഡ് പ്രതിരോധത്തിനായി ഇറങ്ങുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാനത്ത് വിപുലമായ രീതിയിലുള്ള സേവാ പ്രവര്‍ത്തനത്തിനിറങ്ങാന്‍ കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ തീരുമാനമായി. ഇതിനായി ഈ മാസം 22ന് കോവിഡ്-19 ഹെല്‍പ്പ് ഡെസ്‌ക്ക് സംസ്ഥാന കാര്യാലയത്തില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.

കോവിഡ് ബാധിതരായ സംസ്ഥാനത്തെ കുടുംബങ്ങളെ സഹായിക്കല്‍, ആശുപത്രിയില്‍ സൗകര്യമൊരുക്കല്‍, കിടക്ക, രക്തദാനം, പ്ലാസ്മദാനം തുടങ്ങി എല്ലാ മേഖലകളിലും സഹായത്തിന് പാര്‍ട്ടി പ്രവര്‍ത്തകരെത്തും.എല്ലാ മണ്ഡലങ്ങളിലും ഹെല്‍പ്പ് ഡെസ്‌ക്കുണ്ടാകും.സന്നദ്ധപ്രവര്‍ത്തകരുടേയും ഡോക്ടര്‍മാരുടേയും പ്രവര്‍ത്തനങ്ങളെ സഹായിക്കും. ഇതിനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ 24 മണിക്കൂറും സേവനരംഗത്തുണ്ടാകും. യുവമോര്‍ച്ചയും മഹിളാമോര്‍ച്ചയും പ്രതിരോധ രംഗത്തിറങ്ങുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.

വിവിധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ അദ്ധ്യക്ഷനായ സമിതിയായിരിക്കും. ബിജെപിയുടെ മെഡിക്കല്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ എല്ലാ ജില്ലകളിലും ടെലി മെഡിസിന്‍ സംവിധാനം നിലവില്‍ വരുമെന്നും മെഡിക്കല്‍ സെല്‍ കണ്‍വീനര്‍ ഡോ ബിജു പിള്ള ഇതിന് നേതൃത്വം നല്‍കുമെന്നും സുരേന്ദ്രന്‍ പറയുന്നു.