കോവിഡ് വ്യാപിച്ചപ്പോൾ ജീവനക്കാരായി റോബോട്ടുകളെ ജോലിക്കെടുത്ത് അമേരിക്കൻ റസ്റ്റോറന്റ്

single-img
21 April 2021

കോവിഡ് വൈറസ് വൈറസ് വ്യാപനം രൂക്ഷമായപ്പോള്‍ റസ്റ്റോറന്റുകളിലും ഭക്ഷണ വ്യവസായ രംഗത്തും ഉണ്ടായ ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ പുതിയൊരു പരിഹാരവുമായി റസ്റ്റോറന്റ് ഉടമകൾ. അമേരിക്കയിലെ ഫ്ലോറിഡ എന്ന സംസ്ഥാനത്തെ ഒരു റസ്റ്റോറന്റ് ഭക്ഷണം വിതരണം ചെയ്യാനും സാമൂഹ്യ അകലം പാലിച്ചുകൊണ്ട് മറ്റു പ്രധാന ജോലികൾ ചെയ്യാനും നിയമിച്ചത് മൂന്ന് റോബോട്ടുകളെയാണ്.

ഇവര്‍ സ്ഥാപനത്തിലെ ഇരിപ്പിടങ്ങൾ ക്രമീകരിക്കാനും സഹായിക്കുന്നുണ്ടെന്ന് ഒരു പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഹോളിവുഡിലുള്ള മിസ്റ്റർ ക്യൂ ക്രാബ്ഹൗസ് ആണ് ഇത്തരത്തിൽ മൂന്ന് റോബോട്ടുകളെ ദൈനംദിന ജോലികൾക്കായി ഉപയോഗിക്കുന്നത്.

സാധാരണയുള്ള ജീവനക്കാരുടെ ഷിഫ്റ്റുകൾ പൂർത്തിയാക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്നാണ് റോബോട്ടുകളുടെ സഹായം സ്ഥാപനം തേടിയത്. ഇതിനായി സീ-ഫുഡ് റസ്റ്റോറന്റിന്റെ ഉടമ ജോയ് വാങ് 30,000 ഡോളറാണ് ഈ റോബോട്ടുകൾക്ക് വേണ്ടി ചെലവഴിച്ചത്. ഈ റോബോട്ടുകളുടെ തലയ്ക്ക് മുകളിലായി ഘടിപ്പിച്ചിട്ടുള്ള ടച്ച് സ്‌ക്രീനിൽ റസ്റ്റോറന്റിലെ വിഭവങ്ങളുടെ മെനു കാണാൻ കഴിയും. പീനട്ട് എന്നാണ് റോബോട്ടുകളിൽ ഒന്നിന്റെ പേര്. അതിന് 4 അടി ഉയരമുണ്ട്.

റോബോട്ടുകള്‍ ഡിജിറ്റൽ കണ്ണുകൾ ചിമ്മിക്കൊണ്ടാണ് സ്ഥാപനത്തിലേക്ക് വരുന്ന ഉപഭോക്താക്കളെ സ്വാഗതം ചെയ്യാറുള്ളത്. തുടർന്ന് അവിടെ അവർക്ക് ഇരിപ്പിടങ്ങൾ ക്രമീകരിക്കാൻ സഹായിക്കുന്ന റോബോട്ടുകൾ, മനുഷ്യരായ ജീവനക്കാർ ഓർഡർ സ്വീകരിച്ചതിനു ശേഷം ഭക്ഷണം വിതരണം ചെയ്യുകയും ചെയ്യുന്നു. മാത്രമല്ല, ഇവയ്ക്ക് ‘ഹാപ്പി ബർത്ത്ഡേ’, ‘മെറി ക്രിസ്മസ്’ എന്നീ വാചകങ്ങൾ നാല് ഭാഷകളിൽ പാടാനും കഴിയും.