“ഇത് ഞങ്ങളുടെ വാഹനമാണ്, നിങ്ങളെന്തു ചെയ്യുമെന്ന് കാണട്ടെ” മാസ്‌ക ധരിക്കാത്തത് ചോദ്യം ചെയ്ത പോലീസിനുനേരെ കയർത്ത ദമ്പതിമാർ അറസ്റ്റിൽ

single-img
20 April 2021

സമൂഹമാധ്യമങ്ങളിൽ വൈറലായ മാസ്ക് ധരിക്കാതെ കാറിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത പൊലീസിനോടു തർക്കിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന ദമ്പതിമാരെ അറസ്റ്റ് ചെയ്തു. ഡൽഹി പട്ടേലിൽ സ്ഥിരതാമസമായ പങ്കജ് ദത്ത എന്ന യുവാവും ഭാര്യ ആഭയും മാസ്ക് ധരിക്കാതെ കാറിൽ വരുമ്പോൾ പൊലീസ് പിടികൂടിയിരുന്നു.

സ്വകാര്യ വാഹനത്തിൽ മാസ്ക് വേണ്ടെന്ന വാദമാണ് ഇരുവരും ഉയർത്തിയത്. റോഡ് പൊതു ഇടമാണെന്നും ഉയരുന്ന കോവിഡ് കണക്കും ചൂണ്ടിക്കാട്ടി മാസ്ക് ധരിക്കണമെന്ന കാര്യം പറയാൻ പൊലീസ് ശ്രമിച്ചു. ‘ഇത് ഞങ്ങളുടെ വാഹനമാണ്, നിങ്ങളെന്തു ചെയ്യുമെന്ന് കാണട്ടെ’ എന്ന് പറഞ്ഞ് പൊലീസുകാരോട് തട്ടിക്കയറുന്ന യുവാവിനെയും യുവതിയെയും വിഡിയോയിൽ കാണാം.

വാരാന്ത്യ കർഫ്യൂവിന്റെ ഭാഗമായി ഞായറാഴ്ച പോലീസ് നടത്തിയ പരിശോധനയിലാണ് സംഭവം നടന്നത്. എന്നാൽ സംഭവം കേസായതോടെ ഭാര്യ സമ്മതിക്കാത്തതുകൊണ്ടാണ് താൻ മാസ്ക് ധരിക്കാത്തതെന്ന് പറഞ്ഞ് യുവാവ് ഭാര്യയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി. ഭാര്യ ഒപ്പമില്ലാത്തപ്പോൾ താൻ മാസ്ക് ധരിക്കാറുണ്ടെന്നും പങ്കജ് അവകാശപ്പെട്ടു.

‘അവൾ ചെയ്തത് തെറ്റാണ്. പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കണമെന്ന് ഞാൻ വളരെക്കാലമായി ഭാര്യയോട് പറയാറുണ്ട്, പക്ഷേ അവൾ മാസ്ക് ധരിക്കാന്‍ വിസമ്മതിക്കും, എന്നെയും മാസ്ക് ധരിക്കാൻ അനുവദിക്കാറില്ല.’– യുവാവ് വ്യക്തമാക്കി.

ദര്യാഗഞ്ച് സ്റ്റേഷനിലെ പോലീസുകാർക്കുനേരെയാണ് കാർ തടഞ്ഞപ്പോൾ ദമ്പതിമാർ രോഷപ്രകടനം നടത്തിയത്.

Content Summary : The couple Arrested in Delhi who abused cops in questioning for not wearing a mask