കൊവിഡ് വ്യാപനത്തിനിടയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജീവനക്കാരുടെ രൂക്ഷ ക്ഷാമം

single-img
20 April 2021

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജീവനക്കാരുടെ ക്ഷാമം രൂക്ഷം. പുതുതായി തുറക്കുന്ന കൊവിഡ് വാര്‍ഡുകളിലേക്കായി ജീവനക്കാരില്ല. വികേന്ദ്രീകൃത ചികിത്സയ്ക്കുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും ആവശ്യം. കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിലാണ് ജിവനക്കാരപടെ ക്ഷാമം. മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന്‍ വാര്‍ഡുകള്‍ ഉള്‍പ്പെടെ 9 വാര്‍ഡുകളും 3 ഐസിയുവും ഇതിനകം കൊവിഡിനായി മാറ്റി. കൂടാതെ ഒപികള്‍ 11 മണി വരെ ചുരുക്കി. ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കാനും മറ്റ് രോഗങ്ങള്‍ക്കുള്ള കിടത്തി ചികിത്സ കുറയ്ക്കാനും തീരുമാനിച്ചു.

കൊവിഡ് ഇതര അടിയന്തര ചികിത്സ വേണ്ടവര്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. കൊവിഡ് വര്‍ധന കണക്കിലെടുത്ത് പുതുതായി തുറക്കുന്ന വാര്‍ഡുകളിലേക്ക് ജീവനക്കാരില്ലാത്തതും പ്രതിസന്ധിയാണ്. പുതിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കില്‍ 500 ബെഡുകള്‍ സജ്ജീകരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ മെഡിക്കല്‍ ജീവനക്കാരുടെയും മെഡിക്കല്‍ ഇതര ജീവനക്കാരുടെയും ക്ഷാമം ഇതിനെ ബാധിക്കും.

കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രി കൊവിഡ് ആശുപത്രിയാക്കി മാറ്റിയിട്ടുണ്ടെങ്കിലും ഐസിയു സേവനം ലഭ്യമല്ല. മറ്റ് താലൂക്ക് ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കൊവിഡ് ചികിത്സ കാര്യമായി തുടങ്ങിയിട്ടില്ലെങ്കില്‍ മെഡിക്കല്‍ കോളജിലെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകും