കര്‍ഷകരോടല്ല, കൊവിഡിനെതിരെ പോരാടൂ സര്‍ക്കാരേ…,സംയുക്ത കിസാന്‍ മോര്‍ച്ച കേന്ദ്ര സര്‍ക്കാരിനോട്

single-img
20 April 2021

കര്‍ഷകര്‍ക്കെതിരെയല്ല, കൊറോണ വൈറസിനെതിരെയാണ് സര്‍ക്കാര്‍ പോരാടേണ്ടതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കുകയുളളൂ എന്നും ഇവര്‍ ആവര്‍ത്തിച്ചു.

കര്‍ഷകരുടെ പ്രതിഷേധം നടക്കുന്ന സ്ഥലങ്ങളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നും കൊവിഡില്‍ നിന്ന് രക്ഷ നേടാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ആവശ്യമായി ഉപകരണങ്ങളും നല്‍കണം. പകര്‍ച്ചവ്യാധി വര്‍ദ്ധിച്ചു കൊണ്ടിരിക്കുമ്പോള്‍ ഈ സാഹചര്യത്തെ അടിയന്തിരമായി കൈകാര്യം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

രാജ്യത്തുടനീളമുള്ള കര്‍ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റുമ്പോള്‍ മാത്രമേ ഈ പ്രതിഷേധം അവസാനിപ്പിക്കൂ. കുടിയേറ്റ തൊഴിലാളികളുടെ ആരോഗ്യത്തിനും സാമൂഹിക സുരക്ഷക്കും പ്രശ്‌നങ്ങളൊന്നുമുണ്ടാകാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സര്‍ക്കാര്‍ സ്വീകരിക്കണം. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം.

സമരത്തിനിടയില്‍ 375 കര്‍ഷകര്‍ മരിച്ചുവെന്നും സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി. ബിജെപി പ്രചാരണത്തിരക്കിലാണ്. ബിജെപി അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന തിരക്കിലാണ്. കഠിനാധ്വാനികളായ കര്‍ഷകരോടും തൊഴിലാളികളോടും പോരാടുന്നതിന് പകരം കൊവിഡിനെതിരെയുള്ള പോരാട്ടമാണ് സര്‍ക്കാര്‍ നടത്തേണ്ടതെന്നും അവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.