കൊവിഡ് വ്യാപനം; കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ ഒരേസമയം 50% ജീവനക്കാര്‍ മാത്രം

single-img
20 April 2021

രാജ്യത്ത് കൊവിഡ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ ഒരേസമയം 50% ജീവനക്കാരേ പാടുള്ളൂ എന്ന് ഉത്തരവ്. പേഴ്സണല്‍ മന്ത്രാലയമാണ് ഉത്തരവിറക്കിയത്. ജോലിക്ക് ഓഫീസിലേക്ക് വരാത്തവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ ജോലി ചെയ്യാന്‍ കഴിയും. ഡെപ്യൂട്ടി സെക്രട്ടറിമാരും അതിന് മുകളിലുള്ളവരും നിര്‍ബന്ധമായും ഓഫീസില്‍ ഹാജരാകണം. ഭിന്നശേഷിക്കാരും ഗര്‍ഭിണികളായ ജീവനക്കാരും ഓഫീസില്‍ ഹാജരാകണ്ട. ഇവര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം. ഏപ്രില്‍ 30 വരെ ഈ വ്യവസ്ഥ തുടരാനാണ് നിര്‍ദേശം.

കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ മൂന്ന് ഷിഫ്റ്റുകളിലായി ജോലി സമയത്തിനും ക്രമീകരണം വരുത്തി. രാവിലെ 9.00 മുതല്‍ 5.30 വരെയും 9.30 മുതല്‍ 6 വരെയും 10 മണിമുതല്‍ 6.30 വരെയുമാണ് പുതിയ ഷിഫ്റ്റ്. കണ്ടെയ്ന്‍മെന്റ് സോണിലുള്ളവര്‍ ഓഫീസില്‍ വരരുത്. പൊതുഇടങ്ങളില്‍ കൂട്ടംകൂടി നില്‍ക്കരുത്. കൊവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. യോഗങ്ങള്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയാക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.