ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷം; രണ്ടര ലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍

single-img
20 April 2021

രാജ്യത്ത് കൊവിഡ് പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു. പ്രതിദിന കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വീണ്ടും രണ്ടര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,59,170 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി ഇത് ആറം ദിനമാണ് പ്രതിദിന കണക്ക് രണ്ടര ലക്ഷം കടക്കുന്നത്. 1761 പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ കൊവിഡ് രോഗം മൂലം മരണപ്പെട്ടത്. ഇതോടെ രാജ്യത്താകെ കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 1,80,530 ആയി ഉയര്‍ന്നു.

1,54,761 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് രോഗത്തില്‍ നിന്നും മുക്തി നേടി. ഇതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് മുക്തരായവരുടെ എണ്ണം 1,31,08,582 ആയി. അതേസമയം രാജ്യത്തെ രോഗമുക്തി നിരക്ക് 85 ശതമാനമായി കുറഞ്ഞു. 20,31,977 പേര്‍ നിലവില്‍ വിവിധ ഇടങ്ങളില്‍ കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നുണ്ട്.

അതേ സമയം സൈന്യത്തിന് ഒരുക്കാന്‍ കഴിയുന്ന സംവിധാനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കരസേന മേധാവി, പ്രതിരോധ സെക്രട്ടറി, ഡിആര്‍ഡിഒ മേധാവി എന്നിവരുമായി ചര്‍ച്ച നടത്തി. പ്രാദേശിക തലങ്ങളില്‍ നിയമിക്കപ്പെട്ട കമാന്റര്‍മാര്‍ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി കഴിയുന്ന സഹായങ്ങള്‍ ലഭ്യമാക്കണമെന്ന് പ്രതിരോധ മന്ത്രി നിര്‍ദേശിച്ചു.