കോവിഡ് വേരിയന്റിന്റെ അതി തീവ്ര വ്യാപനം; ഇന്ത്യയെ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽപ്പെടുത്തി ബ്രിട്ടൺ; വാക്‌സിൻ സ്വീകരിക്കാത്തവർ ഇന്ത്യയിലേക്കു പോകരുതെന്ന് അമേരിക്ക

single-img
20 April 2021

ബ്രിട്ടൺ ഇന്ത്യയെയും യാത്രാവിലക്കുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. പുതിയ കോവിഡ് വേരിയന്റിന്റെ അതി തീവ്ര വ്യാപനം കണക്കിലെടുത്താണ് 23ാം തിയതി വെള്ളിയാഴ്ച മുതൽ ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതെന്ന് ബ്രിട്ടീഷ് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് അറിയിച്ചു. ഇതോടെ വെള്ളിയാഴ്ച മുതൽ ഇന്ത്യയിൽനിന്നും ബ്രിട്ടണിലേക്കുള്ള യാത്രാനുമതി ബ്രിട്ടീഷ് പാസ്പോർട്ട് ഉള്ളവർക്കും ബ്രിട്ടണിൽ താമസിക്കാൻ നിലവിൽ അനുമതിയുള്ളവർക്കും മാത്രമായി ചുരുങ്ങും.

ഇന്ത്യയിലുള്ള ഐറിഷ് പാസ്പോർട്ട് ഹോൾഡർമാർക്കും യാത്രാനുമതിയുണ്ടാകും. ടൂറിസ്റ്റ് വിസകൾ, പുതിയ സ്റ്റുഡന്റ് വിസകൾ, വർക്ക് പെർമിറ്റ് വിസകൾ തുടങ്ങിയവയെയാണ് വിലക്ക് പ്രധാനമായും ബാധിക്കുക. കഴിഞ്ഞ പത്തുദിവസത്തിനുള്ളിൽ ഇന്ത്യയിലൂടെ സന്ദർശനം നടത്തിയിട്ടുള്ളവർക്കും വിലക്ക് ബാധകമാകും.

അതേ സമയം യാത്രാനുമതിയിൽ ഇളവ് ലഭിച്ച് ബ്രിട്ടണിലെത്തുന്നവർ പത്തുദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈന് വിധേയരാകണം. ഇതിനായി ഭാരിച്ച തുകയാണ് ഓരോ യാത്രക്കാരനും നൽകേണ്ടത്. ഏകദേശം 1750 പൌണ്ടാണ് ഒരു യാത്രക്കാരൻ ഹോട്ടൽ ക്വാറന്റൈനായി നൽകേണ്ടത്. താമസച്ചിലവ്, ഭക്ഷണം, വിമാനത്താവളത്തിൽനിന്നും ഹോട്ടലിലേക്കുള്ള യാത്രാചിലവ്, രണ്ട്, എട്ട് ദിവസങ്ങളിൽ നടത്തേണ്ട പി.സി.ആർ ടെസ്റ്റിനുള്ള ചെലവ് എന്നിവ ചേർത്തുള്ള തുകയാണിത്. കുടുംബമായി എത്തുന്നവർ 12 വയസിനു മുകളിലുള്ള ഓരോ യാത്രക്കാരനും 650 പൌണ്ടുവീതം അധികമായി നൽകണം. അഞ്ചു വയസിനും 12 വയസിനും മധ്യേയുള്ളവർക്ക് 325 പൌണ്ടും അധികം നൽകേണ്ടതുണ്ട്. അഞ്ചുവയസിൽ താഴെയുള്ളവർക്ക് ഹോട്ടൽ ക്വാറന്റൈൻ സൌജന്യമാണ്.

പത്തുദിവസത്തിൽ കൂടുതൽ ഹോട്ടലിൽ താമസിക്കേണ്ട സ്ഥിതിയുണ്ടായാൽ ഓരോദിവസവും 152 പൌണ്ടുവീതം അധികം നൽകണം. കൂടെയുള്ളവർക്ക് അധികമായി നൽകേണ്ടത് 41 പൌണ്ടാണ്. കുട്ടികൾക്ക് 12 പൌണ്ടും. ബ്രിട്ടണിലേക്കുള്ള യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റീവ് റിസൾട്ട് കൈയിൽ കരുതണം. യാത്ര പുറപ്പെടുന്നതിനു മുമ്പേ ഹോട്ടൽ ക്വാറന്റൈനുള്ള  ബുക്കിംങ് നടത്തി ഇതിന്റെ റഫറൻസ് നമ്പർ പാസഞ്ചർ ലൊക്കേറ്റർ ഫോമിൽ രേഖപ്പെടുത്തണം. Gov.uk എന്ന സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ബുക്കിംങ്ങ് നടത്തേണ്ടതും  പാസഞ്ചർ ലൊക്കേറ്റർ ഫോം പൂരിപ്പിച്ച് സമർപ്പിക്കേണ്ടതും.

ഇരുപതിലേറെ ആഫ്രിക്കൻ രാജ്യങ്ങളും 14 ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പൈൻസ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളുമടക്കം നാൽപതിലേറെ രാജ്യങ്ങളാണ് ഇപ്പോൾ ബ്രിട്ടന്റെ റെഡ് ലിസ്റ്റിലുള്ളത്. ഇന്ത്യ റെഡ് ലിസ്റ്റിലായതോടെ അടുത്തയാഴ്ച ബ്രിട്ടീഷ്  പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യയിലേക്കു നടത്താനിരുന്ന ഔദ്യോഗിക സന്ദർശനം റദ്ദാക്കി. 

അതേ സമയം ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാരോട് അമേരിക്ക ആവശ്യപ്പെട്ടു. ഇന്ത്യയിലെ പ്രതിദിന രോഗബാധിതര്‍ ഒരാഴ്ചയായി രണ്ട് ലക്ഷത്തിന് മുകളില്‍ തുടരുന്ന സാഹചര്യത്തിലും ജനിതക വ്യതിയാനം ഭയക്കുന്ന സാഹചര്യത്തിലുമാണ്. അടിയന്തര സാഹചര്യമുണ്ടെങ്കില്‍ കുത്തിവയ്പ് പൂര്‍ത്തിയാക്കിയവര്‍ക്ക് പോകാം. പക്ഷേ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ മുന്നറിയിപ്പ് നല്‍കി