എന്റെ നിറത്തിലും ചർമത്തിലും ഞാന്‍ വളരെ കംഫർട്ടബിളാണ്: നിമിഷ സജയൻ

single-img
20 April 2021

ജീവിതത്തിലെ സ്വന്തം സ്വഭാവം ഒരിക്കലും അഭിനയിക്കുന്ന സിനിമാ സ്‌ക്രീനിൽ കാണിക്കാറില്ലെന്നും ചെയ്ത ഒരു കഥാപാത്രവും നിമിഷയാണ് എന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും പ്രശസ്ത നടി നിമിഷ സജയന്‍. വനിതാ മാഗസിനായ . ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് നിമിഷ ഇക്കാര്യം പറഞ്ഞത്.

വിവിധ സിനിമകളില്‍ താനവതരിപ്പിച്ച കഥാപാത്രങ്ങളോ കടന്നുപോയ സാഹചര്യങ്ങളോ ഒന്നും തനിക്ക് ജീവിതത്തിൽ അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും താനായിരുന്നു അതിലൂടെ കടന്നുപോകുന്നതെങ്കിൽ ആ കഥാപാത്രങ്ങൾ പ്രതികരിച്ചതിലും ശക്തമായി പ്രതികരിച്ചേനെയെന്നും നിമിഷ പറയുന്നു.

‘സുരാജിനോപ്പം അഭിനയിച്ച, സൂപ്പര്‍ ഹിറ്റായ ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചനിലേതുപോലുള്ള അവസ്ഥയൊന്നും എനിക്ക് വീട്ടിൽ പരിചയമേയില്ല. എന്നാല്‍ ചുറ്റുവട്ടത്ത് ഒരുപാട് പേരുടെ ജീവിതം കാണുന്നുണ്ടെന്നും’ നിമിഷ അഭിമുഖത്തിൽ പറഞ്ഞു.

നമ്മുടെ സമൂഹം ഇരുണ്ട നിറക്കാരെ വേർതിരിവോടെ കാണുന്ന അനുഭവം സിനിമയിലോ ജീവിതത്തിലോ അനുഭവിക്കേണ്ടി വന്നിരുന്നോ എന്ന ചോദ്യത്തിന് നിറത്തെ കുറിച്ചുള്ള കമന്റുകൾ മനസിനെ ബാധിക്കുന്നവരുണ്ടാകാമെന്നും എന്നാൽ താൻ അതൊന്നും മൈൻഡ് ചെയ്യാറില്ലെന്നുമായിരുന്നു നിമിഷ നല്‍കിയ മറുപടി. അതിനാല്‍ തന്നെ തനിക്ക് വേർതിരിവ് തോന്നിയിട്ടില്ലെന്നും തന്റെ നിറത്തിലും ചർമത്തിലും താൻ വളരെ കംഫർട്ടബിൾ ആണെന്നും ആരെന്ത് പറഞ്ഞാലും അതൊന്നും തന്നെ ബാധിക്കില്ലെന്നും നിമിഷ കൂട്ടിച്ചേര്‍ത്തു.

ചെറിയ വസ്ത്രമായ ഷോർട്സ് ഇട്ടാൽ വിമർശിക്കുന്നവരെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് അനാവശ്യ വിമർശനങ്ങൾ മൈൻഡ് ചെയ്യാറില്ല എന്നായിരുന്നു നിമിഷയുടെ മറുപടി. ‘അവർ അവരുടെ തോന്നൽ പറയുന്നു. അത് കാര്യമായിട്ട് എടുക്കണോ വേണ്ടയോ എന്നത് എന്റെ തീരുമാനമല്ലേ. നേരിട്ട് ആരും ഒന്നും പറയില്ല. പറഞ്ഞാൽ ‘നൈസ്’ ആയിട്ട് മറുപടി കൊടുക്കാൻ എനിക്കറിയാം,’ നിമിഷ പറഞ്ഞു.