കാണികളില്ലാതെ പൂരം നടത്തും; സംഘാടകരും ആനകളും മേളക്കാരും മാത്രം മതി; ദേശക്കാർക്ക് പൂരം ലൈവായി കാണാം

single-img
19 April 2021
thrissur ooram

കാണികളെ ഒഴിവാക്കി തൃശൂർ പൂരം നടത്താൻ സർക്കാർ ആലോചിക്കുന്നു. കാണികളെ ഒഴിവാക്കി ആനകളും വെടിക്കെട്ടുമെല്ലാം അടക്കം പൂരം ഗംഭീരമായി നടത്താനാണ് സർക്കാർ പദ്ധതിയിടുന്നത്. ദൃശ്യ, നവ മാധ്യമങ്ങളിലൂടെ തൽസമയം ദേശക്കാർക്ക് പൂരം കാണാൻ സംവിധാനം ഒരുക്കാനും ചർച്ചകൾ നടക്കുന്നുണ്ട്. ദേവസ്വം പ്രതിനിധികളുമായി സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥർ ചർച്ചകൾ നടത്തുകയാണ് ഇപ്പോൾ. ഇക്കാര്യത്തിൽ വൈകിട്ട് ചീഫ് സെക്രട്ടറിയുമായി ദേവസ്വം പ്രതിനിധികൾ നടത്തുന്ന ചർച്ച നിർണായകമാകും. 

പൂരത്തിൻ്റെ സംഘാടകർക്കും ദേവസ്വം ജീവനക്കാർക്കും ആനക്കാർക്കും മേളക്കാർക്കും മാത്രം പ്രവേശനം നൽകുകയും കാണികളെ ഒഴിവാക്കുകയും ചെയ്യാനാണ് പദ്ധതി. പൂരം നടത്തിപ്പ് എങ്ങനെ വേണമെന്ന കാര്യത്തിൽ ഒരു മെഡിക്കൽ ബോർഡ് രൂപീകരിക്കാമെന്ന നിർദേശം ദേവസ്വങ്ങൾ അംഗീകരിച്ചുവെന്നാണ് റിപ്പോർട്ട്. പൂരം നടത്തിപ്പിൽ വേണ്ട നിയന്ത്രണങ്ങൾ എന്തൊക്കെയെന്ന് ഈ മെഡിക്കൽ ബോർഡിന് നിർദേശിക്കാം. ആ നിർദേശങ്ങൾക്ക് അനുസരിച്ച് ചടങ്ങുകൾ നടത്താൻ ദേവസ്വങ്ങൾ തയ്യാറാണ്. 

പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ ദേവസ്വങ്ങളെ നിലപാട് മാറ്റിച്ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചുവെന്നാണ് സൂചന. വലിയ ആൾക്കൂട്ടം പൂരത്തിന് ഇരച്ചുവന്നാൽ അത് കൊവിഡിന്‍റെ വൻവ്യാപനത്തിന് ഇടയാക്കുമെന്ന വലിയ വിമർശനങ്ങൾ സമൂഹമാധ്യമങ്ങളിലും പൊതുസമൂഹത്തിലും ഉയർന്നിരുന്നതാണ്. എന്നാൽ പൂരം ചടങ്ങുകളടക്കം ഒഴിവാക്കാൻ പാടില്ലെന്ന കടുത്ത നിലപാട് സ്വീകരിച്ച് വന്നിരുന്ന ദേവസ്വങ്ങൾ സർക്കാർ പ്രതിനിധികളുമായി നടത്തിവരുന്ന ചർച്ചകളിലാണ് നിലപാട് മയപ്പെടുത്താൻ തയ്യാറാകുന്നത്.