കൊവിഡ് പ്രതിരോധം; കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷം; രാജ്യത്തുള്ളത് പിആര്‍ കമ്പനിയെന്ന് യെച്ചൂരി, സംസ്ഥാനങ്ങള്‍ കൊവിഡ് മരണനിരക്ക് മറച്ചുവെക്കുന്നെന്ന് കോണ്‍ഗ്രസ്

single-img
19 April 2021

കേന്ദ്രസര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. കൊവിഡ് വ്യാപനം തീവ്രമാകുന്ന പശ്ചാത്തലത്തിലാണ് വിമര്‍ശനം. രാജ്യത്ത് സര്‍ക്കാരില്ലെന്നും പിആര്‍ കമ്പനി മാത്രമാണുള്ളതെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കൊവിഡിനെ തുടര്‍ന്നുള്ള മരണനിരക്ക് പല സംസ്ഥാനങ്ങളും മറച്ചുവെക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.

രാജ്യത്ത് സര്‍ക്കാരില്ലെന്നും ,പി.ആര്‍ കമ്പനി മാത്രമാണുള്ളതെന്ന് പറഞ്ഞ യെച്ചൂരി പ്രധാനമന്ത്രി വെറും തെരഞ്ഞെടുപ്പ് പ്രചാരകന്‍ മാത്രമെന്നും പരിഹസിച്ചു. തെരഞ്ഞെടുപ്പ് അല്ലാത്ത അവസരങ്ങളില്‍ ടെലിവിഷനില്‍ മുഖം കാണിച്ച് തലക്കെട്ടിലിടം പിടിക്കാനാണ് മോദിക്ക് താല്‍പര്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊവിഡ് വ്യാപനത്തില്‍ കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും വിമര്‍ശിച്ച് നേരത്തെ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഡിഎംകെയും രംഗത്ത് വന്നിരുന്നു,

കൊവിഡ് മരണനിരക്കില്‍ പല സംസ്ഥാനങ്ങളും യഥാര്‍ത്ഥ കണക്ക് മറച്ച് വയ്ക്കുന്നതായാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം. ഗുജറാത്തിലെയും ഉത്തര്‍പ്രദേശിലെയും കണക്കുകളില്‍ വലിയ അന്തരമുണ്ട്. സര്‍ക്കാരിന്റെ കണക്ക് ശ്മശാനങ്ങളിലെ ശവസംസ്‌കാര നിരക്കിനേക്കാള്‍ വളരെ പിന്നിലാണെന്നും കോണ്‍ഗ്രസിന്റെ സംസ്ഥാന ഘടകങ്ങള്‍ കുറ്റപ്പെടുത്തി.