കളമശ്ശേരിയില്‍ വൈഗയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; പല തവണ താന്‍ മരിക്കാന്‍ ശ്രമിച്ചെന്ന് പിതാവ് സനു മോഹന്‍

single-img
19 April 2021

കളമശ്ശേരിയില്‍ വൈഗയെ കൊലപ്പെടുത്തിയത് വയറിനോട് ചേര്‍ത്ത് നിര്‍ത്തി കെട്ടിപ്പിടിച്ചെന്ന് പിടിയിലായ പിതാവ് സനു മോഹന്‍. സാമ്പത്തിക ബാധ്യത കാരണമാണ് മരിക്കാന്‍ തീരുമാനിച്ചത്. ഭാര്യവീട്ടില്‍ നിന്നെത്തി കുട്ടിയോട് നമ്മള്‍ മരിക്കാന്‍ പോകുകയാണെന്ന് പറഞ്ഞു. കേട്ടതും വൈഗ പൊട്ടിക്കരഞ്ഞു. അമ്മയെ കുറിച്ച് ചോദിച്ചപ്പോള്‍ വീട്ടുകാര്‍ നോക്കിക്കൊള്ളുമെന്ന് മറുപടി നല്‍കി.

താന്‍ മരിച്ചാല്‍ കുട്ടിക്ക് ആരുമുണ്ടാകില്ലെന്നും മകള്‍ വോട്ടയാടപ്പെടും എന്നതിനാലാണ് മകളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് സനു മോഹന്റെ മൊഴി. കൊലപ്പെടുത്തിയ ശേഷം കുട്ടിയുമായി പുഴയില്‍ ഇറങ്ങി. കുട്ടിയെ പുഴയില്‍ എറിഞ്ഞു. പക്ഷേ പിന്നീട് ആത്മഹത്യ ചെയ്യാന്‍ മനസ് അനുവദിച്ചില്ലെന്നും സനു മോഹന്‍ പറഞ്ഞു.

കങ്ങരപ്പടിയിലെ ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെട്ടത് ഒന്‍പത് ലക്ഷം രൂപയുമായാണ്. ബംഗളൂരു, ഗോവ, മൂകാംബിക എന്നിവിടങ്ങളിലായി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജീവിതം അവസാനിപ്പിക്കുന്നതിനാല്‍ പണം മുഴുവന്‍ ഗോവയിലെ കാസിനോയില്‍ ചൂതാടി തീര്‍ത്തു. മൂകാംബികയില്‍ വച്ച് മൂന്ന് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കടലില്‍ ചാടാന്‍ ശ്രമിച്ചപ്പോള്‍ ലൈഫ് ഗാര്‍ഡ് രക്ഷപ്പെടുത്തി. ഗുളിക കഴിച്ചും മരിക്കാന്‍ ശ്രമിച്ചു. പിന്നീട് കൈ മുറിച്ചും മരിക്കാന്‍ ശ്രമിച്ചന്നും സനു മോഹന്‍ പൊലീസിനോട് പറഞ്ഞു. സനു മോഹനെ രഹസ്യ കേന്ദ്രത്തില്‍ വച്ച് ചോദ്യം ചെയ്യുകയാണ്.