തലവര തെളിയാതെ പാലായിലെ കോൺഗ്രസ്; പാലാ കാര്‍ഷിക വികസന ബാങ്ക് തെരെഞ്ഞെടുപ്പ് പാലാ യുഡിഎഫിന് കൂനിന്മേൽ കുരുവോ?

single-img
19 April 2021

പാലാ കാര്‍ഷിക വികസന ബാങ്ക് പിടിച്ചെടുക്കാനുള്ള യുഡിഎഫ് നീക്കത്തിന് തിരിച്ചടി. ബാങ്കിന്റെ ഓഹരിയുടമകള്‍ക്കിടയില്‍ കാര്യമായ വേരുകളില്ലാത്ത ജോസഫ് ഗ്രൂപ്പ് 7 സീറ്റില്‍ മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് 5 സീറ്റ് മാത്രം.

തെരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജോസഫ് ഗ്രൂപ്പിലെ നേതാക്കളുടെയും സ്ഥാനാര്‍ഥിയുടെ ബന്ധുക്കളുടെയും ഇടപെടലുകള്‍ വലിയ അമര്‍ഷമാണ് കോണ്‍ഗ്രസ് യുഡിഎഫ് പ്രവര്‍ത്തകരിലും അനുഭാവികളിലും ഉണ്ടാക്കിയത്. ഒരു ഘട്ടത്തിലും മുന്നണി സംവിധാനത്തെ വിശ്വാസത്തിലെടുക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല. അതിന് തുടര്‍ച്ചയെന്നോണമാണ് ബാങ്ക് തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സീറ്റുകള്‍ വെട്ടിനിരത്തപ്പെട്ടത്.

കെഎം മാണി മരണമടഞ്ഞിട്ടും മകനെയും പാര്‍ട്ടിയെയും പുറത്താക്കിയിട്ടും തങ്ങള്‍ക്ക് വീണ്ടും കഞ്ഞി കുമ്പിളില്‍ തന്നെ എന്നാണ് ഒരു കോണ്‍ഗ്രസ് നേതാവിന്റെ അഭിപ്രായ പ്രകടനം. തെരെഞ്ഞെടുപ്പ് അടുത്തിട്ടും യാതൊരു തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനും സാധിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ അനുഭാവികള്‍ക്കും പ്രവര്‍ത്തകര്‍ക്കും പോലും ഐഡന്റിറ്റി കാര്‍ഡും വോട്ടവകാശവും ഉറപ്പാക്കാന്‍ സാധിക്കാത്തതില്‍ പരിതപിക്കുകയാണ് എംഎം ജേക്കബും കെഎം ചാണ്ടിയും ആര്‍വി തോമസുമൊക്കെ നയിച്ച പാലായിലെ കോണ്‍ഗ്രസിന്റെ ഇന്ന് അവശേഷിക്കുന്ന പ്രവര്‍ത്തകര്‍.