80 സീറ്റ് നേടി അധികാരത്തില്‍ വരും; കേരളത്തില്‍ വിജയം ഉറപ്പെന്ന് കെപിസിസി

single-img
19 April 2021

കേരളത്തിലെ തെരഞ്ഞെടുപ്പില്‍ ഇത്തവണ ജയം ഉറപ്പെന്ന് കെപിസിസിയുടെ വിലയിരുത്തല്‍. യുഡിഎഫ് 80 സീറ്റ് നേടി അധികാരത്തില്‍ വരുമെന്നും സംസ്ഥാന സര്‍ക്കാരിനെതിരായ നിശബ്ദ തരംഗം അവസാന ദിവസങ്ങളില്‍ പ്രകടമായിരുന്നുവെന്നുമാണ് ഡിസിസി പ്രസിഡന്‍റുമാരുടെ യോഗത്തില്‍ കോണ്‍ഗ്രസ് വിലയിരുത്തല്‍ ഉണ്ടായത്.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ അഭിപ്രായ വ്യത്യാസം മറന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി വിജയത്തിനായി പ്രവര്‍ത്തിച്ചതായി അഭിപ്രായം ഉയര്‍ന്നു. ദേശീയ നേതാക്കളായ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും കേരളത്തിലെ തെരഞ്ഞെടുപ്പ് പര്യടനങ്ങള്‍ യുഡിഎഫിന് ഊര്‍ജ്ജമായെന്നും കെപിസിസി വിലയിരുത്തി. നേമത്ത് തെരഞ്ഞെടുപ്പില്‍ പരാജയം മുന്നില്‍ കണ്ട സിപിഎം വര്‍ഗീയ പാര്‍ട്ടികളുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കുകയും വോട്ട് മറിക്കുകയും ചെയ്തു. എന്നാല്‍ ഇതൊന്നും നേമത്ത് യുഡിഎഫിന്റെ വിജയത്തെ ബാധിക്കില്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

യുഡിഎഫ് മുന്നണി എറണാകുളം ജില്ലയില്‍ 11 നിയോജക മണ്ഡലങ്ങളില്‍ ഉജ്ജ്വല വിജയം നേടുമെന്നാണ് കെപിസിസി പറയുന്നത്. അതേസമയം ട്വന്റി 20 ഉയര്‍ത്തിയ വെല്ലുവിളി അഭിമുഖീകരിച്ച കുന്നത്തുനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നും വിലയിരുത്തപ്പെട്ടു.

സംസ്ഥാനത്തെ മലബാര്‍ മേഖലയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ യുഡിഎഫിന് മുന്നേറാന്‍ സാധിച്ചു. സിപിഎമ്മും ബിജെപിയും കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്ത് വോട്ട് കച്ചവടം നടത്തിയെങ്കിലും യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കുമെന്നാണ് നേതാക്കളുടെ അഭിപ്രായം. അതേസമയം, തപാല്‍ വോട്ടിന്റെ മറവില്‍ വ്യാകമായ ക്രമക്കേട് എല്ലാ മണ്ഡലങ്ങളിലും നടന്നെന്നും കൃത്രിമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സിപിഎമ്മാണെന്നും നേതാക്കള്‍ ആരോപിച്ചു.