നഷ്ടപ്പെടുത്തിയ എന്റെ 28 ദിവസങ്ങൾക്ക് നിങ്ങൾ മലയാളികൾ ഉത്തരവാദികളാണ്; ഹൃദയസ്പര്‍ശിയായി ഒരു പ്രവാസിയുടെ കുറിപ്പ്

single-img
19 April 2021

കോവിഡ് ആദ്യമായി കേരളത്തിലും ലോകത്തിലും പടര്‍ന്നപ്പോള്‍ നാട്ടിലേക്ക് അവധിക്ക് വന്നതാണ് പ്രവാസിയായ കണ്ണൂര്‍ ജില്ലയിലെ ആലചേരി സ്വദേശി രഞ്ജിത്ത്. തന്റെ കുഞ്ഞിനെ കാണാനും പെങ്ങളുടെ വിവാഹം നടതാനുമായി വന്ന ആ അവധിയില്‍ അത്രമേല്‍ കരുതലോടെയായിരുന്നു ഓരോ പ്രവാസിയും എന്നപോലെ ഇയാളെയും കേരളം ചേര്‍ത്ത് നിര്‍ത്തിയത്.

എന്നാല്‍ ഇപ്പോള്‍ കോവിഡ് രണ്ടാം വ്യാപനത്തില്‍ സംസ്ഥാനത്ത് പൊതുവായി കാണുന്ന അലസ മനോഭാവത്തെ തന്റെ പഴയ അനുഭവത്തിന്റെ വെളിച്ചത്തില്‍ വിമര്‍ശിക്കുകയാണ് ഇയാള്‍.

സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്ന രഞ്ജിത്തിന്റെ കുറിപ്പ് വായിക്കാം:

18257 .. ഇന്നലത്തെ കേരളത്തിലെ കോവിഡ് കേസാണ് …!!

എനിക്ക് കുറച്ച് ചോദ്യങ്ങളുണ്ട്..!!

എട്ട് മാസം മുന്നേ അഞ്ഞൂറിന്റെ അടുത്ത് കേസുകൾ ഉള്ളപ്പോൾ നാട്ടിലേക്ക് ഞാൻ വന്നിരുന്നു
കോവിഡ് ടെസ്റ്റ് എടുത്ത് PP കിറ്റ് ഇട്ട് വന്ന എന്നെ അടക്കം മണിക്കൂറുകൾ നീണ്ട വരി നിർത്തി , കോവിഡ് പടർത്താതെ എങ്ങനെ കേരളസമൂഹത്തെയും വീട്ടുകാരെയും രക്ഷിക്കാം എന്ന ക്ലാസുകൾ തന്നൂ ..
ഒരു തുള്ളി വെള്ളം പോലും തരാതെ ഡ്രൈവർ സീറ്റ് ഗ്ളാസ് കൊണ്ട് മറച്ച് KSRTC ബസ്സിൽ പോലീസ് അകമ്പടിയോടെ പകർച്ചവ്യാധിരോഗിയെ എന്നപോലെ കൊണ്ട് പോയി

മൂത്രം ഒഴിക്കാൻ പോലും വഴിയിൽ നിർത്താതെ നിങ്ങൾ എന്തിന് മാഹിയിലെ ചെക്ക് പോസ്റ്റിൽ വരി നിർത്തി
പോലീസും ആരോഗ്യപ്രവർത്തകരും എന്തിന് മൈക്കിലൂടെ ഞങ്ങളുടെ വിലാസവും quarantine നിൽക്കുന്ന സ്ഥലവും തിരക്കി ..!!

ഉച്ചവെയിലിൽ എന്തിന് എന്നെ കണ്ണൂർ പോലീസ് മൈതാനത്തിൽ ഇറക്കി ..!!

മുൻവശം കവർ ചെയ്ത ടാക്സിയിൽ എന്നെ നിങ്ങൾ എന്തിന് quarantine താമസിക്കേണ്ട സ്ഥലത്തേക്ക് അയച്ചു ..
ഞാൻ ചെന്ന ദിവസം എന്തിനാണ് നിങ്ങൾ ഒരു വണ്ടി നിറച്ചും പോലീസുകാർ വന്ന് എന്നെ കർക്കശമായി പുറത്തിറങ്ങരുതെന്ന് ഉപദേശിച്ചു .. ആരും അടുത്ത് വരരുത് , നീ എവിടെയും പോകരുത്, എത്ര പൗരുഷവും ഗൗരവവും ആയിരുന്നു നിങ്ങളുടെ ശബ്ദത്തിന്

എന്തിനാണ് quarantine തെറ്റിക്കുന്നുണ്ടോ എന്ന് അറിയാൻ പോലീസ് കോൺസ്റ്റബിൾ ലത്തീഫ് സാർ 14 ദിവസവും മുടങ്ങാതെ എന്നെ തിരക്കി വന്നത് ..

ഇടയ്ക്കിടെ എന്തിന് ഹെൽത്ത് സെന്ററിൽ നിന്ന് ആളുകൾ എന്നെ തേടി വന്നു

മോനെ ഒരു നോക്ക് കാണാൻ ഓടി വന്ന ഞാൻ നീണ്ട 28 ദിവസം ഇടിഞ്ഞു പൊളിയാറായ ആ വീട്ടിൽ എന്തിനാണ് തനിച്ച് കിടന്നത് ..

ദൂരെ മരക്കുറ്റിയുടെ മുകളിൽ എന്തിനാണ് പൊതിച്ചോർ വെച്ച് ‘അമ്മ മാറി നിന്നത് ..!!

എന്റെ നിസഹായത കണ്ട് എന്തിനാണ് ‘അമ്മ കണ്ണ് നിറച്ചത് ..

ഇത്രമേൽ കോവിഡ് പെറ്റ് പെരുകുമ്പോൾ എനിക്ക് ഉത്തരം വേണം .. !!

നഷ്ടപ്പെടുത്തിയ എന്റെ 28 ദിവസങ്ങൾക്ക് നിങ്ങൾ മലയാളികൾ ഉത്തവാദികൾ ആണ്

ഞാനെന്തിന് എന്റെ പെങ്ങളുടെ വിവാഹം 20 പേരെ മാത്രം പങ്കെടുപ്പിച്ച് നടത്തി,

അമ്മാവൻമാരോ അധികം ബന്ധുജനങ്ങളോ പ്രിയപ്പെട്ടവരിൽ പലരും ഇല്ലാതെ എന്തിന് എന്റെ പെങ്ങൾ വിവാഹം കഴിച്ചു

ഇരുപതിൽ കൂടുതൽ ആളുകൾ പെങ്ങളുടെ കല്യാണത്തിൽ പങ്കെടുത്താൽ എന്നെയും അച്ഛനെയും പോലീസ് അറസ്റ്റ് ചെയ്യുമെന്ന് ആരോഗ്യപ്രവർത്തകർ എന്തിന് ഭീഷണിപ്പെടുത്തി

ഗൾഫിൽ നിന്ന് വന്നതാണ് എന്ന് പറഞ്ഞപ്പോൾ എന്നെ എന്തിനു നിങ്ങൾ ഭയപ്പാടോടെ നോക്കി

ഞങ്ങൾ ഇതൊക്കെ സഹിച്ചത് നിങ്ങൾക്ക് കൂടെ വേണ്ടിയായിരുന്നു

കയ്യബദ്ധം കൊണ്ട് പോലും ഞങ്ങൾ കാരണം ആർക്കും കോവിഡ് പടരാൻ ഇടവരരുത് എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു. ഞങ്ങൾ ഇത്രയൊക്കെ സഹിച്ചിട്ടും നിങ്ങൾ ഇപ്പോൾ എന്താണ് ചെയ്യുന്നത്…!!

സമൂഹത്തിന് വേണ്ടി ഞാൻ നഷ്ടപ്പെടുത്തിയ 28 ദിവസങ്ങൾ, എന്നെപോലെ പലരും വിഷമത്തോടെ വേണ്ടെന്നുവച്ച ആഘോഷങ്ങൾ, അത്രമേൽ ആഗ്രഹിച്ചിട്ടും ഒഴിവാക്കിയ യാത്രകൾ, പ്രിയപ്പെട്ടവർ പങ്കെടുക്കാതെ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ നടത്തിയ വിവാഹങ്ങൾ, ആഘോഷങ്ങളുടെ പിന്നാലെ പോയും, സമൂഹ അകലം പാലിക്കാതെയും കോവിഡ് പടർന്ന് പന്തലിക്കുമ്പോൾ, എന്നെപ്പോലുള്ള ഒരായിരം പേരുടെ ചോദ്യങ്ങൾ നിങ്ങളുടെ നേരെ വിരൽ ചൂണ്ടുന്നുണ്ട് എന്നോർക്കുക..!!

https://www.facebook.com/ranjith.thankachan/posts/3917749221594355