ഒരു ബെഡിന് വേണ്ടി അമ്പത് രോഗികള്‍ ക്യൂ നില്‍ക്കുന്ന അവസ്ഥയില്‍ യോഗിയുടെ യുപി

single-img
18 April 2021

കോവിഡ്​ രണ്ടാം തരംഗം ഇന്ത്യയില്‍ രൂക്ഷമായിക്കൊണ്ടിരിക്കെ ബിജെപി ഭരിക്കുന്ന യുപിയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ആശുപത്രികളില്‍ ഒരു ബെഡിന് 50 രോഗികള്‍ വരെ ക്യൂ നില്‍ക്കുന്ന സാഹചര്യമാണ് ഉള്ളത്.

ആവശ്യമായത്ര ഐസിയുകളും വെന്‍റിലേറ്ററുകളുമില്ലാത്ത അവസ്ഥയിലാണ് തലസ്ഥാനമായ ലക്‌നൗവിലെ ആശുപത്രികള്‍. രാജ്യത്തെ കണക്കുകള്‍ പ്രകാരം കോവിഡ് പോസിറ്റീവായവരുടെ എണ്ണത്തില്‍ മഹാരാഷ്ട്രക്ക് പിന്നിലായി രണ്ടാം സ്ഥാനത്താണ് ഉത്തര്‍പ്രദേശ് ഇപ്പോള്‍ ഉള്ളത്.

പല സ്ഥലങ്ങളിലും ആശുപത്രി അധികൃതര്‍ പറയുന്നത് നിലവില്‍ അവിടെ ബെഡുകള്‍ ഒഴിവില്ലെന്നാണ്. അവസാന രണ്ട് ദിവസമായി ഒരു ബെഡിനായി 50ലേറെ പേര്‍ കാത്തുനില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ രോഗികളെ വീടുകളിലേക്ക് അയക്കുകയോ മറ്റിടങ്ങളിലേക്ക് റെഫര്‍ ചെയ്യുകയോ ആണെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

ലക്‌നൗവില്‍ മാത്രം 10ല്‍ അധികം കോവിഡ് സ്പെഷ്യല്‍ ആശുപത്രികളുന്ടായിട്ടും രോഗികള്‍ക്ക് മതിയായ ചികിത്സ ലഭിക്കാത്ത അവസ്ഥയാണ്. ഓരോ ദിവസവും 5000ലേറെ കേസുകളാണ് യു പിയുടെ തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.