തൃശൂര്‍ പൂരം നടത്തിപ്പ്; അന്തിമ തീരുമാനം നാളെ, നിയന്ത്രണങ്ങളില്‍ എതിര്‍പ്പുന്നയിച്ച് ദേവസ്വങ്ങള്‍

single-img
18 April 2021

തൃശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം നാളെ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന ശേഷമായിരിക്കും അന്തിമ തീരുമാനമുണ്ടാകുക. പൂരം നടത്തിപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് യോഗം വിളിച്ചെങ്കിലും തീരുമാനമായില്ല.

ആന പാപ്പാന്‍മാരുടെ ആര്‍.ടി.പി.സി.ആര്‍. പരിശോധന ഒഴിവാക്കണമെന്ന് ദേവസ്വങ്ങള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഒറ്റ ഡോസ് വാക്സീന്‍ എടുത്തവര്‍ക്കും അനുമതി നല്‍കണമെന്നും ആവശ്യം ഉയര്‍ന്നു. നാളത്തെ യോഗത്തില്‍ തീരുമാനം അറിയിക്കാമെന്ന് കലക്ടര്‍ അറിയിച്ചു. ഇന്നത്തെ യോഗത്തില്‍ ചീഫ് സെക്രട്ടറി പങ്കെടുത്തിരുന്നില്ല.

പൂരത്തിനുളള പ്രവേശനപാസ് നാളെ പത്ത് മണി മുതല്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം. പൂരത്തിന് 72 മണിക്കൂര്‍ മുമ്പാണ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തേണ്ടത്. ഈ പരിശോധനാഫലം പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്താല്‍ മാത്രമേ പൂരത്തിനുള്ള പാസ് കിട്ടൂ. ഇതൊക്കെയാണെങ്കിലും പൂരവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ദേവസ്വങ്ങളുടെ തീരുമാനം.