ഐപിഎല്‍: കൊല്‍ക്കത്തയെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

single-img
18 April 2021

ഐപിഎല്ലിലെ ഒരു മനോഹരമായ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വന്‍ ജയം. ആദ്യം ബാറ്റുചെയ്ത ആര്‍സിബി ഉയര്‍ത്തിയയ 205 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ കൊല്‍ക്കത്തയ്ക്ക് എട്ട് വിക്കറ്റിന് 166 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

രണ്ടാം ബാറ്റിംഗില്‍ കെകെആര്‍ വേഗത്തില്‍ സ്‌കോര്‍ ചെയ്യാനാണ് ശ്രമിച്ചത്. അതിനായി ശുഭ്മാന്‍ ഗില്‍ തകര്‍ത്തടിക്കുകയും ചെയ്തു. പക്ഷെ മികച്ച ക്യാച്ചില്‍ ഗില്ലിനെ ക്രിസ്റ്റിയന്‍ പുറത്താക്കിയതോടെ കെകെആര്‍ പതറി. വെറും ഒമ്പത് പന്തില്‍ 21 റണ്‍സടിച്ചിരുന്നു ഗില്‍. പിന്നീട് വന്ന രാഹുല്‍ ത്രിപാഠിയും നിതീഷ് റാണയും ചേര്‍ന്ന് നല്ല രീതിയില്‍ മുന്നോട്ട് പോയി. ത്രിപാഠി 20 പന്തില്‍ 25 റണ്‍സെടുത്തു. നിതീഷ് റാണ പതിനൊന്ന് പന്തില്‍ 18 റണ്‍സുമെടുത്തു.

പക്ഷെ സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തില്‍ ഇവര്‍ രണ്ട് പേരും പുറത്തായി. അതേസമയം, ആര്‍സിബിയുടെ നിരയില്‍ മൂന്നോവറില്‍ 41 റണ്‍സ് വഴങ്ങി കൈല്‍ ജാമിസണ്‍ മൂന്ന് വിക്കറ്റെടുത്തു. കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സാണ് അടിച്ച് കൂട്ടിയത്.

അതില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും ഡിവില്യേഴ്‌സിന്റെയും വെടിക്കെട്ട് ഇന്നിംഗ്‌സാണ് ബാംഗ്ലൂരിന് കരുത്തായി മാറിയത്. ടോസ് നേടിയ ആര്‍സിബി നായകന്‍ വിരാട് കോലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.