കേരളത്തിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധം; ഉത്തരവ് ഇറങ്ങി

single-img
18 April 2021

വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്‌ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക്വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ വരുന്നവർ 48 മണിക്കൂർ മുൻപോ എത്തിയ ഉടനെയോ ആർടിപിസിആർ പരിശോധന നടത്തണം.

ഈ പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.
നിലവിൽ വാക്സീനെടുത്തവർക്കും പുതിയ നിർദ്ദേശങ്ങൾ ബാധകമാണ്. കർശനമായ കൊവിഡ് നിയന്ത്രണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലാ കളക്ടർമാർക്ക് അഞ്ച് കോടി രൂപ വീതം അനുവദിച്ച് ഉത്തരവായി.

ആഭ്യന്തര യാത്രികർക്കുള്ള നിർദ്ദേശങ്ങൾ ഇവയാണ്:

ഇ – ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം
വാക്സീനെടുത്തവർ ഉൾപ്പടെ കേരളത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപുള്ള 48 മണിക്കൂറിനുള്ളിൽ ആർടിപിസിആർ ടെസ്റ്റ് നടത്തിയിരിക്കണം

കേരളത്തിലെത്തിയ ശേഷം ആർടിപിസിആർ ടെസ്റ്റ് നടത്തുന്നവർ അതതിടങ്ങളിൽ റൂം ഐസൊലേഷനിൽ ആയിരിക്കും

ആർടിപിസിആർ ഫലം പോസിറ്റീവാണെങ്കിൽ ചികിത്സയിൽ പ്രവേശിക്കണം

ആർടിപിസിആർ ഫലം നെഗറ്റീവാണെങ്കിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കേരളത്തിൽ കഴിയാം. കേരളത്തിൽ വെച്ച് പനി, ചുമ, തൊണ്ടവേദന, ശ്വാസതടസം, പേശീ വേദന തുടങ്ങിയ കൊവിഡ് ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ചികിത്സ തേടണം

ആർടിപിസിആർ ടെസ്റ്റ് നടത്താത്തവർ കേരളത്തിൽ എത്തിയ ശേഷം 14 ദിവസം ക്വാറന്റീനിൽ കഴിഞ്ഞ ശേഷമേ പുറത്തിറങ്ങാൻ പാടുള്ളൂ.

അന്താരാഷ്ട്ര യാത്രികർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

അന്താരാഷ്ട്ര യാത്രികർ നിലവിലെ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം. കേന്ദ്രസർക്കാർ വിദേശത്ത് നിന്ന് വരുന്നവർക്കായി പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ പാലിക്കണം.